ബാർസിലോന ∙ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാർസിലോനയുടെ മുന്നിൽ കഥ കഴിഞ്ഞ പിഎസ്ജി പുതിയ വിവാദത്തിൽ. രണ്ടു കളിക്കാർ നിർണായക മൽസരത്തിനു 48 മണിക്കൂർ മുൻപു പുലരുവോളം നൈറ്റ് ക്ലബ്ബിലായിരുന്നു എന്ന വാർത്ത, പിഎസ്ജിയുടെ ഭീമൻതോൽവിയുടെ മുറിവിൽ മുളകുപുരട്ടിത്തുടങ്ങി. പിഎസ്ജി താരങ്ങളായ ബ്ലെയ്സ് മത്യുദി, മാർക്കോ വെരാട്ടി എന്നിവരാണ് പോപ് സൂപ്പർ സ്റ്റാർ രിഹാനയ്ക്കൊപ്പം പാരിസിലെ നൈറ്റ് ക്ലബ്ബിൽ ചൊവ്വാഴ്ച പുലർച്ചെവരെ സമയം ചെലവഴിച്ചത്.
ബാർസിലോനയുമായുള്ള നിർണായക മൽസരത്തിനു 48 മണിക്കൂർ മാത്രം മുൻപായിരുന്നു ഇത്. ആദ്യപാദ മൽസരം 4–0നു ജയിച്ചതോടെ, പിഎസ്ജി കളിക്കാർ എല്ലാവരും വിജയം ഉറപ്പിച്ചമട്ടിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നാലു ഗോൾ വ്യത്യാസം രണ്ടാം പാദത്തിൽ മറികടക്കാൻ ബാർസിലോനയ്ക്കു കഴിയില്ലെന്നു ടീം ഒന്നാകെ വിശ്വസിച്ചിരുന്നത്രേ. എന്നാൽ, അവസാന ഏഴു മിനിറ്റിലെ കളിയിൽ ബാർസിലോന താരങ്ങൾ മൽസരം തങ്ങളുടേതാക്കി. ഈ ഏഴു മിനിറ്റിനിടെ രണ്ടുവട്ടമാണു പിഎസ്ജി താരങ്ങൾക്കു പന്തു കിട്ടിയത്. രണ്ടും ബാർസിലോന ഗോൾ നേടിയതിനുശേഷമുള്ള കിക്കുകൾ ആയിരുന്നു!
രണ്ടാംപാദ മൽസരം പിഎസ്ജി 6–1നു തോറ്റതോടെയാണു നൈറ്റ് ക്ലബ് സംഭവം വിവാദമായത്. പാരിസിൽ ഒരു ഫാഷൻ ഷോയ്ക്കായാണ് പോപ്പ് ഗായിക രിഹാന എത്തിയത്. ഹോളിവുഡ് നടി സൽമ ഹയേക് ഉൾപ്പെടെ പ്രശസ്ത മോഡലുകളും പാർട്ടിക്ക് എത്തിയിരുന്നു. ഇവർക്കൊപ്പമാണു പിഎസ്ജി താരങ്ങളും കൂടിയത്. ചൊവ്വാഴ്ചയാണു മത്യുദിയും വെരാട്ടിയും പിന്നീടു ടീമിനൊപ്പം ചേർന്നത്. അന്നുതന്നെ ടീം ബാർസിലോനയിലേക്കു വിമാനംകയറുകയും ചെയ്തു. അതേസമയം, പിഎസ്ജിയെ തീർത്തുകളഞ്ഞ രാത്രിയിൽ ബാർസിലോന ടീം അംഗങ്ങളും ആഘോഷത്തിലായിരുന്നു. മൂന്നുവട്ടം ഫോർമുല വൺ കാറോട്ടമൽസരത്തിൽ ലോകചാംപ്യനായ ലൂയിസ് ഹാമിൽട്ടണൊപ്പമായിരുന്നു ബാർസ താരങ്ങളുടെ നേരം വെളുപ്പിച്ച ആഘോഷം.
ഞായറാഴ്ച സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഡിപോർട്ടീവോ ലാ കൊറൂണയെ നേരിടേണ്ട ബാർസിലോന താരങ്ങളുടെ ആഘോഷം പക്ഷേ, ആരും മോശമായിക്കണ്ടില്ല. ഡിപോർട്ടീവോ പരിശീലകൻ പെപെ മെൽ തന്നെ ന്യായീകരണവുമായി എത്തി: ബാർസിലോന കളിക്കാർക്കു പാർട്ടി നടത്താം. അവർക്ക് അതിന് അവകാശമുണ്ട്! തരംതാഴ്ത്തൽ പട്ടികയ്ക്കു തൊട്ടുമുകളിലാണു ഡിപോർട്ടീവോയുടെ സ്ഥാനം; ബാർസിലോന പോയിന്റ് പട്ടികയിൽ ഒന്നാമതും.