ബാറ്റിങ് കരുത്തിന്റെ പോരാട്ടമായിരുന്നു പുണെയില്‍ കണ്ടതെങ്കിലും ഇമ്രാന് താഹിറെന്ന സ്പിന്നറുടെ മികവ് വേറിട്ട് നിന്നു. താഹിറിന്റെ രണ്ട് സ്പെല്ലുകളാണ് മുംബൈയുടെ മുന്‍നിരക്കാര്‍ക്ക് കൂച്ചുവിലങ്ങിട്ടത്.
ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍. ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് പുണെ സംഘത്തിലെത്തി. ആര് അശ്വിന്റെ പരുക്ക് ആദ്യ മല്‍സരത്തില്‍ തന്നെ താഹിറിന് ആദ്യഇലവനില്‍ സ്ഥാനമൊരുക്കി. അഞ്ചാം ഓവറിലാണ് സ്റ്റീവ് സ്മിത്ത് താഹിറിന് പന്ത് നല്‍കിയത്. ബൗണ്ടറിയോടെയാണ് പാര്‍ത്ഥിവ് പട്ടേല്‍ വരവേറ്റതെങ്കില്‍ തൊട്ടടുത്ത പന്തില്‍ താഹിറിന്റെ വിരലുകള്‍ മറുപടി പറഞ്ഞു
ലേലത്തില്‍ തഴഞ്ഞിട്ടവര്ക്കുള്ള മറുപടിയായിരുന്നു അടുത്ത ഓവറില്‍. മൂന്നാം പന്തില്‍ രോഹിത് ശര്‍മയുടെ അടിവേരിളക്കി. 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജോസ് ബട്ലറായിരുന്നു മൂന്നാമത്തെ ഇര.
28 റണ്‍സിന് മൂന്ന് വിക്കറ്റ് നേട്ടത്തോടെ താഹിര്‍ രണ്ടാമത്തെ സ്പെല്ലും പൂര്‍ത്തിയാക്കിയപ്പോള്‍ കളി കണ്ടിരുന്ന മറ്റ് ടീം ഉടമകളുടെ മനസിലേക്ക് ആ ലേലദിനവും ഈ സ്വര്‍ണ മുടിക്കാരനെ വേണ്ടെന്നുവച്ച ചിന്തയും മുളകുപുരട്ടിയ അമ്പു പോലെ വന്ന് തറച്ചുകാണുമെന്നുറപ്പ്.