എങ്കിലും ജഡേജ, ഹര്‍ഡിക് പാണ്ഡ്യയോട് ഇത്രയും വേണ്ടിയിരുന്നില്ല. നാലു ബൗണ്ടറിയും ആറ് സിക്സറും പറത്തി അസാമ്യാന ഫോമില്‍ നിന്ന പാണ്ഡ്യയോട് വെറും പതിമൂന്ന് റണ്‍സില്‍ നിന്ന ജഡേജക്ക് എങ്ങനെ തോന്നി മുഖംതിരിച്ചു നില്ക്കാന്. എത്ര തേച്ചാലും മാച്ചാലും ആ നിമിഷം ആരും മറക്കില്ല. ഇപ്പോള്‍ എന്തായാലും 'സര്'ജഡേജയെ പലതരത്തില്‍ കൊന്നുകൊലവിളിക്കുകയാണ് സമൂഹമാധ്യമങ്ങളും ക്രിക്കറ്റ് ആരാധകരും.
റണ്ണൗട്ടായി പുറത്തുപോകുമ്പോള്‍ പാണ്ഡ്യയുടെ മുഖത്തും ആ ദേഷ്യവും സങ്കടവും കാണാമായിരുന്നു. ബൗണ്ടറി ലൈനിലെ പരസ്യബാറില് ബാറ്റുകൊണ്ടു ആഞ്ഞുവീശിയ ഹര്‍ദിക് പാണ്ഡ്യ തന്റെ നീരസം മറച്ചുവച്ചുമില്ല. പിന്നാലെ ട്വിറ്റര്‍ അക്കൗണ്ടില്‍ നമ്മളെ തോല്പിച്ചത് നമ്മളില്‍ ചിലര്‍ തന്നെയെന്ന് കുറിച്ചത് വിവാദമായി. ട്വീറ്റ് തനിക്ക് തന്നെ തിരിച്ചടിയാകുമെന്ന് കണ്ടപ്പോള്‍ ഹര്‍ദിക് അത് തേച്ചുമാച്ചു കളഞ്ഞു. ആരുടെയും പേരു പറഞ്ഞില്ലെങ്കിലും ജഡേജയെയും ജസ്പ്രീത് ബുംറയെയും ആണ് പാണ്ഡ്യ ലക്ഷ്യമിട്ടതെന്ന് വ്യക്തം.
ജഡേജ 13 റണ്‍സിലും പാണ്ഡ്യ 76റണ്‍സിലും നില്‍ക്കുമ്പോഴാണ് ആ സംഭവം. ട്രിക്കി സിംഗിളിനുള്ള സാധ്യതകണക്കിലെടുത്ത് പാണ്ഡ്യഓടി. ഇതിനോട് ജഡേജയുടെ പ്രതികരണം വൈകിയാണുണ്ടായത്. ക്രീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും പാണ്ഡ്യ, ജഡേജയുടെ ക്രീസില്‍ എത്തിയിരുന്നു. എന്നാല്‍ അപകടം മനസിലാക്കിയ ജഡേജ സ്വന്തം ക്രീസിലേക്ക് തന്നെ തിരിച്ചുകയറി. 76റണ്‍സോടെ നിന്ന പാണ്ഡ്യ പുറത്തുമായി. വിക്കറ്റ് കാത്ത ജഡേജക്കാവട്ടെ നേടാനായത് 15റണ്‍സ്മാത്രം.
ജഡേജ മര്യാദകാണിച്ചിരുന്നെങ്കില് ഇന്ത്യ ജയിക്കുമായിരുന്നു എന്നല്ല. തോല്‍വിയുടെ ആഘാതം കുറയ്ക്കാമായിരുന്നു. ഹര്‍ദികിന് ഒരു സെഞ്ചുറി നേടാനുള്ള അവസരം ആകുമായിരുന്നു. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയ പാണ്ഡ്യ അപാരഫോമിലായിരുന്നു.
എന്തായാലും ധോണിക്കും യുവരാജിനും ശേഷം ടീം ഇന്ത്യയുടെ ഗെയിം ഫിനിഷര്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. പാണ്ഡ്യ എന്ന ഫിനിഷറെപ്പറ്റിയാണ് ഇപ്പോള്‍ സംസാരം. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം ഈ ബറോഡക്കാരന് നേട്ടവുമായി. ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 105 റണ്‍സും നാലു വിക്കറ്റുമാണ് ഹര്‍ദിക് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് നേടിയത്. ഇതുവരെ 12 ഏകദിനങ്ങളില്‍ നിന്ന് 265റണ്‍സും 13വിക്കറ്റുമാണ് ഈ 23കാരന് നേടിയത്.