ഐ.എസ്.എല്ലിന് പന്തുരുളും മുമ്പെ സമൂഹ മാധ്യമങ്ങളില്‍ കൊമ്പുകോര്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും. കൊച്ചിയില്‍ ബെംഗളൂരു സംഘം കളിക്കാനെത്തുന്ന പുതുവല്‍സര രാവില്‍ ആരാധകര്‍ക്കായി വിരുന്നൊരുക്കുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ്.
എ.എഫ്.സി കപ്പ് സെമിയില്‍ ബെംഗളൂരുവിന്റെ കളികാണാന്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെത്തിലെത്തിയ സി.കെ.വിനീതിന്റേയും റിനോ ആന്റോയുടേയും മുന്നില്‍ വച്ച് ബംഗളൂരു ആരാധകര്‍ ബ്ലാസ്റ്റേഴ്സിനെ അപമാനിച്ചത് ആരാധകര്‍ മറക്കാനിടയില്ല. അന്ന് ഉറപ്പായതാണ് ഐ.എസ്.എല്ലില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് ഫുട്ബോള്‍ വൈരത്തിലെ പുത്തന്‍ ഏടിന് തുടക്കമിടുമെന്ന്. സാംപിള്‍ വെടിക്കട്ടെന്ന മട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ പോസ്റ്റെത്തിയത്. ഡിസംബര്‍ 31ന് മഞ്ഞയില്‍ കുളിച്ചാടാം എന്നാണ് ബി.എഫ്.സിക്ക് നല്കുന്ന മുന്നറിയിപ്പ്. ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റ് ആഘോഷമാക്കി മാറ്റി ആരാധകര്‍. പുതുവല്‍സര രാവില്‍ ഫുട്്ബോള്‍ കാര്‍ണിവല്‍ ഒരുക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ബംഗളൂരു എഫ്.സി ഇതിനൊരു മറുപടി നല്കാന് തുനിഞ്ഞിട്ടില്ലെങ്കിലും ആരാധകപ്പോര് മുറുകുകയാണ്. കൊച്ചി മാത്രമല്ല, ബെംഗളൂരുവും മഞ്ഞക്കടലാകുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയുടെ പ്രഖ്യാപനം. അതായത് യൂറോപ്യന്‍ ഫുട്ബോളില്‍ മാത്രം കണ്ട് പരിചയമുള്ള ആരാധകപ്പോര് ഐഎസ്എല്ലിലേക്കും എത്തുകയാണെന്ന് ചുരുക്കം.