യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ക്ക് നല്കുന്ന യുവേഫ പുരസ്കാരത്തിന്റെ അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും ബഫണും. അടുത്തയാഴ്ച മൊണാക്കോയില്‍ നടക്കുന്ന ചടങ്ങില്‍ ജേതാവിനെ പ്രഖ്യാപിക്കും.
റൊണാള്‍ഡോയാണ് സാധ്യതകളില്‍ മുമ്പന്‍. ചാംപ്യന്‍സ് ലീഗ്, ലാലീഗ നേട്ടങ്ങളാണ് റൊണാള്‍ഡോയെ പ്രിയങ്കരനാക്കുന്നത്. 12 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിലെ ടോപ്സ്കോററും ക്രിസ്റ്റ്യാനോ ആയിരുന്നു. ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്ലൂയിഡി ബഫണാണ് യുവന്റസിനെ തുടര്‍ച്ചയായ ആറാമത്തെ സീരി എ കിരീടത്തിലേക്ക് നയിച്ചത്. ചാംപ്യന്‍സ് ലീഗിലെ രണ്ടാം സ്ഥാനവും യുവന്റസിനായിരുന്നു. ബാര്‍സിലോനയുടെ സമ്പാദ്യം സ്പാനിഷ് കിങ്സ് കപ്പ് മാത്രമാണെങ്കിലും ലാലീഗയില്‍ 37 ഗോളുകളുമായി ടോപ്സ്കോററായതാണ് മെസിക്ക് അവസാന മൂന്നിടം നല്‍കിയത്.
ഇതുവരെ മെസിയും റൊണാണ്‍ഡോയും രണ്ട് വട്ടം വീതം പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. യുവേഫക്ക് കീഴിലുള്ള 80 ടീമുകളിലെ പരിശീലകരും 55 സ്പോര്‍ട്സ് ലേഖകരും ചേര്‍ന്നാണ് മൂന്നുപേരുടെ ചുരുക്കപ്പട്ടിക നിര്‍ണയിച്ചത്. അവാര്‍ഡ്ദാന ചടങ്ങില്‍ തല്‍സമയ വോട്ടിങിലൂടെയാണ് മൂന്നു പേരിലൊരാളെ വിജയിയായി പ്രഖ്യാപിക്കുന്നത്. സീസണിലെ മികച്ച വനിതാ താരമേതെന്നും മികച്ച ഗോളേതെന്നും അടുത്ത വ്യാഴാഴ്ച മണാക്കോയില് നടക്കുന്ന ചടങ്ങിലറിയാം