മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച് കൊച്ചിയിലെ കാണികള്‍. പാട്ടും മേളവും മുദ്രാവാക്യം വിളികളുമായി ചാംപ്യന്‍ഷിപ്പ് ആഘോഷമാക്കുകയാണ് മലയാളി ബാഡ്മിന്റന്‍ പ്രേമികള്‍.
മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ബാഡ്മിന്റന്‍ പ്രേമികളുടെ ഒഴുക്കാണ്. കോര്‍ട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ ആര്‍പ്പുവിളികളുമായി ഗാലറികള്‍ സജീവമാകും.
ഗാലറികളിലെ ആരവങ്ങള്‍ നല്കുന്ന ഊര്‍ജം വിജയത്തില്‍ നിര്‍ണായകമാണെന്ന് മലയാളി താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ, ഒരേസമയം പന്ത്രണ്ടു കോര്‍ട്ടുകളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. കാണികളുടെ തിരക്ക് കണക്കിലെടുത്ത് സൗജന്യപാസ് മുഖേനയാണ് പ്രവേശനം.