റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഒന്നാംദിവസം ഓസ്ട്രേലിയ നിലയുറപ്പിച്ചു. നാലിന് 299 എന്ന സ്കോറിനാണ് ഓസീസ് കളി അവസാനിപ്പിച്ചത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി. ഫീല്‍ഡിങ്ങിനിടെ വിരാട് കോഹ്ലി പരുക്കേറ്റ് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ബെംഗളൂരു ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തിന്റെ നാണക്കേട് മുഴുവന്‍ ഒറ്റ ഇന്നിങ്സ് കൊണ്ട് കഴുകിക്കളഞ്ഞ സ്റ്റീവ് സ്മിത്തായിരുന്നു റാഞ്ചിയിലെ താരം. പരമ്പരയിലെ രണ്ടാം സെഞ്ചുറിക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ മൂന്നാമത്തെ അയ്യായിരം റണ്‍സെന്ന നേട്ടവും സ്മിത്തിന് സ്വന്തം. ടോസ് നേടിയ ഓസ്ട്രേലിയ നന്നായി തുടങ്ങിയെങ്കിലും 89 റണ്‍സില്‍ മൂന്ന് വിക്കറ്റ് നഷ്ടമായത് സമ്മര്‍ദത്തിലാക്കി. റെന്‍ഷോ 44 റണ്‍സെടുത്തു.
നാല്പതാം ഓവറില്‍ ഹാന്‍ഡ്സ്കോമ്പിന്റെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടയില്‍ വിരാട് കോഹ്ലിക്ക് തോളിന് പരുക്കേറ്റു. രഹാനെയെ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ച് ചികില്‍സതേടിയ കോഹ്ലി പിന്നെ മടങ്ങി വന്നില്ല. ഹാന്‍ഡ്സ്കോമ്പിനെ ഉമേഷ് യാദവ് മടക്കിയെങ്കിലും സ്മിത്തും മാക്സ്വെല്ലും ക്രീസിലുറച്ചു. സ്മിത്ത് 50ല്‍ നിന്ന് നൂറിലേക്ക് കുതിച്ചപ്പോള്‍ ജഡേജയെ സിക്സര്‍ പറത്തി മാക്സ്്വെല്ലിന്റെ കന്നി ടെസ്റ്റ് അര്‍ധസെഞ്ചുറി
227 പന്തില്‍ സ്റ്റീവ് സ്മിത്ത് 19ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം അപരാജിതരായി ക്രീസിലുണ്ട്. സ്മിത്ത് 117 റണ്‍സോടെയും മാക്സ്്വെല്‍ 82 റണ്‍സോടെയും. ആദ്യദിനം റാഞ്ചിയിലെ പിച്ചില്‍ അത്ഭുതം കാട്ടാന്‍ കഴിയാത്ത ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് രണ്ടാംദിനം നിര്‍ണായക ചുമതലയുണ്ട്. അഞ്ചാം സ്പെഷലിസ്റ്റ് ബോളറുടെ അഭാവം അശ്വിനും ജഡേജയും നികത്തിയിലെങ്കില് കളി കൈവിട്ടുപോകും.