കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ചിലെ കാമറൂണിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അര്‍തുറോ വിദാലും വര്‍ഗാസുമാണ് കാമറൂണ്‍ വല ചലിപ്പിച്ചത്. ആവേശകരമായിരുന്ന ആദ്യ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ മെക്സിക്കോ 2 ഗോള്‍ സമനിലയില്‍ തളച്ചു
പറങ്കിപ്പടയുടെ വേഗത്തിനൊപ്പം നില്ക്കാന് മെക്സിക്കന്‍ പട വിയര്‍ത്ത പോരാട്ടം. 21ആം മിനിട്ടില്‍ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് മെക്സിക്കന്‍ കോട്ടയില്‍ തട്ടിയകന്നെങ്കിലും പെപ്പെ അത് വലയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ വീഡിയോ റഫറിങില്‍ ഓഫ്സൈഡ് എന്ന വിധിവന്നതോടെ സ്കോര്‍കാര്‍ഡ് അനക്കമില്ലാതെ തുടര്‍ന്നു. 34ആം മിനിട്ടില്‍ പോര്‍ച്ചുഗലിന്റെ ഗോളെത്തി. റൊണാള്‍ഡോയുടെ ഒറ്റയാന് മുന്നേറ്റത്തിന് ക്വറിസ്മയിലൂടെ ഫലപ്രാപ്തി.പോര്‍ച്ചുഗീസ് ആഘോഷത്തിന് 8 മിനിട്ടിന്റെ ദൈര്‍ഘ്യം. സാവിയര്‍ ഹെര്‍ണാണ്ടസ് പറങ്കികളുടെ പ്രതിരോധം ഭേദിച്ചു.
രണ്ടാം പകുതിയുടോ ആവേശപ്പോരിലും പോര്‍ച്ചുഗല്‍ തന്നെ ഒരുപടി മുന്നില്‍. 86ആം മിനിട്ടില്‍ സെഡ്രിക് ആല്‍വേസ് സോറസ് വീണ്ടും പോര്‍ച്ചുഗലിനെ മുമ്പന്മാരാക്കി.തോല്‍വി മുന്നില്‍ കണ്ട മെക്സിക്കോയെ അവിശ്വസനീയമാം വിധത്തിലാണ് ഇഞ്ചുറി ടൈമില്‍ ഹെക്ടര്‍ ഹെരേര സമനിലയിലെത്തിച്ചത്.
കാമറൂണിനെ കറുത്ത കുതിരകളാവാന്‍ അനുവദിക്കാതെയായിരുന്നു ചിലെയുടെ അരങ്ങേറ്റം. ആദ്യ പകുതിയുടെ അവസാന നിമിഷം വര്‍ഗാസിന്റെയും ചിലെയുടേയും ആഘോഷം കണ്ടെങ്കിലും റഫറല്‍ സംവിധാനത്തില്‍ ഓഫ്സൈഡ് വിധിയെത്തി. എന്നാല്‍ 81 ആം മിനിട്ടില്‍ വിദാലും ഇഞ്ചുറി ടൈമില്‍ വര്‍ഗാസും ലക്ഷ്യം കണ്ടതോടെ അനായാസ മുന്നേറ്റമായി ചിലെയ്ക്ക്.