പി.വി.സിന്ധു കൊറിയ സൂപ്പര്‍ സീരീസ് ബഡ്മിന്റനിന്റെ സെമിഫൈനലില്‍. ജപ്പാന്റെ മിനാറ്റ്സു മിറ്റാനിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ സെമിപ്രവേശം. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി
ലോകബാഡ്മിന്റനിലെ വെള്ളിത്തിളക്കവുമായെത്തിയ സിന്ധു ഏറ്റവും മികച്ച ഫോമിലല്ലെന്ന് വ്യക്തം. ലോക റാങ്കിങ്ങിലെ പതിനെട്ടാം സ്ഥാനക്കാരിക്കെതിരെ പലയിടങ്ങളിലും സിന്ധു പതറി. ആദ്യഗെയിം 21-19ന് സിന്ധുവിന് സ്വന്തമായി.
എന്നാല്‍ രണ്ടാം ഗെയിമില്‍ മിനാറ്റ്സു തിരിച്ചെത്തി. പ്ലേസിങ്ങിലെ മികവില്‍ ജാപ്പനീസ് താരം ഗെയിം നേടിയത് 21-16ന്. മൂന്നാം ഗെയിമിലാണ് സിന്ധു തന്റെ പെരുമയ്ക്കൊത്തുയര്ന്നത്. 11-3ന് മൂന്നാം ഗെയിമിലെ ഇടവേളയെടുത്ത സിന്ധു, 21-10ന് ഗെയിം കൈപ്പിടിയിലൊതുക്കി സെമി ബര്‍ത്ത് ഉറപ്പിച്ചു.
കൊറിയയുടെ ഒന്നാം നമ്പറുകാരന് സോണ്‍ വാന്‍ ഹോയോട് തോറ്റാണ് സമീര്‍ ഫൈനല്‍ കാണാതെ പുറത്തായത്.