ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ അറ്റ്ലറ്റികോ മഡ്രിഡിനെ തകര്‍ത്ത് റയല്‍ മഡ്രിഡ്. ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
സാന്തിയാഗോ ബെര്ണാബ്യൂവില് റയലിന്റെ വിജയകുതിപ്പ് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ വെറുതെയങ്ങ് ജയിച്ചാല്‍ പോരെന്ന തീരുമാനത്തിലായിരുന്നു ക്രിസ്റ്റ്യാനോ. കാല്‍പ്പന്തുകളിയുടെ യൂറോപ്യന്‍ ചടുലത പ്രകടമാകുന്നതായിരുന്നു മൂന്നു ഗോളുകളും.
കിക്കോഫ് മുതലേ റയലിനു തന്നെയായിരുന്നു ആധിപത്യം. പത്താം മിനിറ്റില്‍ കാസിമിറോയുടെ ക്രോസ് പാസ് ഹെഡറിലൂടെ റൊണാള്‍ഡോ അറ്റലറ്റിക്കോയുടെ വലയിലാക്കി. ക്രിസ്റ്റ്യാനോയുടെ രണ്ടാം വരവ് എഴുപതി മൂന്നാം മിനിറ്റാലായിരുന്നു. മാര്‍സെലോയും കരിം ബെന്‍സേമയും വഴികാട്ടികളായി.
ഹാട്രിക് പിറന്നത് മല്‍സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കേ. ഗോള്‍വലയുടെ നടുവിലേക്ക് റോണോയുടെ അനായാസ ഗോള്‍. ചാംപ്യന്‍സ് ലീഗിലെ ക്രിസ്റ്റ്യാനോയുടെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കാണിത്. 12 ാം യൂറോപ്യന്‍ കിരീടം എന്ന ലക്ഷ്യമാണ് സിദാനും കൂട്ടര്‍ക്കും മുന്നിലുള്ളത് രണ്ടാം പാതം മെയ് പത്തിന് നടക്കും.