ബോളർമാർക്കു ഗുണം ചെയ്യുമെന്നു കണ്ടാൽ ശബ്ദമുയർത്തി ബാറ്റ്സ്മാനെ പ്രകോപിപ്പിക്കാൻ തയാറാണെന്ന് ചേതേശ്വർ പൂജാര. ഇന്ത്യൻ ബാറ്റിങ് നിരയിലെ വിശ്വസ്ത താരമായി വളർന്ന പൂജാര ബിസിസിഐ ടിവിക്കുവേണ്ടി അജിങ്ക്യ രഹാനെയുമായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫീൽഡിൽ വളരെയധികം ശബ്ദമുണ്ടാക്കുന്ന ആളാണു ഞാനിപ്പോൾ. സ്ലെഡ്ജിങ്ങിന്റെ (ബാറ്റ്സ്മാനെ വാക്കുകളിലൂടെ പ്രകോപിപ്പിക്കൽ) തന്ത്രങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഒരു പ്രത്യേക താരത്തെ പ്രകോപിപ്പിക്കണമെങ്കിൽ പ്രകോപിപ്പിച്ചേ തീരൂ. അതു ബോളറെ സഹായിക്കുകയും ചെയ്യും– ഫീൽഡിലെ മാന്യന്മാരിലൊരാളായ പൂജാര വെളിപ്പെടുത്തി. രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഗംഭീര സ്കോർ ഒരുക്കി നൽകിയതിൽ പൂജാര– രഹാനെ സഖ്യത്തിന്റെ 217 റൺസ് കൂട്ടുകെട്ടിനു വലിയ പങ്കുണ്ടായിരുന്നു.