അണ്ടര്‍-17 ലോകകപ്പിലെ ആദ്യവിസിലിന് ഒരു നാള് ദൂരം. നാളെ വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യ ആദ്യമായി ഫുട്ബോള്‍ ലോകകപ്പിന് വേദിയാകും. അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യയിലെത്തിയ 23 ടീമുകളും.
മഴയില്‍ കുതിര്‍ന്നാലും പൊരിവെയിലില്‍ തളര്‍ന്നാലും നമുക്ക് ഉണര്‍ന്നിരിക്കാം. ജീവവായു നിറച്ച പന്തിനൊപ്പം പതിനൊന്ന് പേര് ഓടുമ്പോള്‍ നമുക്കും പിന്നാലെയോടാം. ഇന്ത്യയിലെ ലോക കളിത്തട്ടുണരുകയാണ്. ഇനിയുള്ള 23 നാളുകളില്‍ കൗമാരകാല്പ്പന്തിന്റെ പെരുങ്കളിയാട്ടം
ഫുട്ബോള്‍ മാമാങ്കത്തില്‍ അണിനിരക്കുന്നത് ആറ് ഗ്രൂപ്പുകളില്‍ നിന്നായി 24 ടീമുകള്‍. ആദ്യ വിസിലിനായി കാതോര്‍ക്കുന്നത് ആറ് സ്റ്റേഡിയങ്ങള്‍. ആറ് ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കും ഒരു പ്രീ - ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് കൊച്ചിയും വേദിയാകും. ഈ മാസം 14 വരെയാണ് പ്രാഥമികഘട്ട മല്‍സരങ്ങള്‍. 28ന് സാള്‍ട്ട് ലേക്കില്‍ കിരീടധാരണം. കിക്കോഫിന് മുമ്പ് ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് ഇഴുകിചേരാനുള്ള പരിശീലനത്തിലാണ് 23 ടീമുകളിലേയും താരങ്ങള്‍. എല്ലാ ടീമുകളും രണ്ടുവട്ടം പരിശീലനം നടത്തി. ആദ്യലോകകപ്പ് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ടീമുകള്‍.