ഏഷ്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാന്‍ കോഴിക്കോട് നടക്കാവ് വി.എച്ച്.എസ്.എസിലെ വിദ്യാർഥിനി എം.വി.അഭിരാമിയ്ക്ക് സര്‍ക്കാര്‍ സഹായം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിച്ചത്.
ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം ലഭിച്ചിട്ടും സാമ്പത്തിക പരാധീനതകള്‍ കാരണം ഇന്തോനേഷ്യയിൽ നടക്കുന്ന രാജ്യാന്തര മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിഷമത്തില്‍ ഇരിക്കുമ്പോഴാണ് അഭിരാമിയെ തേടി സര്‍ക്കാര്‍ സഹായം എത്തിയത്. ജംഷഡ്പൂരില്‍ നടക്കുന്ന പരിശീലന ക്യാംപിനും ഇന്തോനേഷ്യയിലെ മല്‍സരത്തിനുമായി 1,35000 രൂപയാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്.
കൂലിപ്പണിക്കാരനായഅഛൻ ആനന്ദ്ബാബു കിടപ്പിലായതോടെ കുടുംബശ്രീ കാറ്ററിംങ് യൂണിറ്റിലെ തൊഴിലാളിയായ അമ്മ രാധികയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അഭിരാമിയുടെ പ്രയാസം വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ട് എ.പ്രദീപ് കുമാര്‍ എംഎല്‍എ വിഷയം മന്ത്രി എ.കെ.ബാലന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് അടിയന്തിര സഹായം ഏര്‍പ്പെടുത്തിയത്. മെയ് ആദ്യവാരം സീനിയർ വനിതകളുടെ 84 കിലോ വിഭാഗത്തിലാണ് അഭിരാമി മൽസരിക്കുക.