മനോരമ ലോക സീനിയർ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മലയാളി താരങ്ങളായ ജെയ്സൺ സേവ്യറും ഫിലിപ് ബെൻസിയും പ്രീ ക്വാർട്ടറിൽ. നാൽപത്തിയഞ്ച് വയസ് പുരുഷ ഡബിൾസിലും മലയാളി സഖ്യം പ്രീ ക്വാർട്ടറിലെത്തി.പ്രീക്വാർട്ടർ മൽസരങ്ങൾ ഇന്നാരംഭിക്കും .
നാൽപത്തിയഞ്ചു വയസിനു മുകളിലുള്ള പുരുഷ വിഭാഗത്തിലാണ് ജെയ്സൺ സേവ്യർ പ്രീ ക്വാർട്ടറിലെത്തിയത്. അറുപത് വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിലായിരുന്നു ഫിലിപ് ബെൻസി ചിറക്കപ്പറമ്പിലിന്റെ നേട്ടം. 45 വയസ് പുരുഷ ഡബിൾസിൽ മലയാളി സഖ്യമായ ജോമോൻ ജോർജ്-രവി പ്രസാദ് എന്നിവരും പ്രീക്വാർട്ടറിലെത്തി.
55 വയസിനു മുകളിലുള്ള വനിത വിഭാഗം സിംഗിൾസിൽ പൂണെയിൽ നിന്നുള്ള മലയാളി താരം പ്രതിഭ നായർ രണ്ടാം റൗണ്ട് മൽസരം വിജയിച്ചു.70 വയസ് പുരുഷ വിഭാഗത്തിൽ മലേഷ്യക്കു വേണ്ടി മൽസരിക്കുന്ന മലയാളി താരം വേണുഗോപാൽ മേനോനും ഒന്നാം റൗണ്ട് കടന്നു. അട്ടിമറികളൊന്നും സംഭവിക്കാതെ പ്രാഥമിക റൗണ്ട് മൽസരങ്ങൾ പൂർത്തിയാവുമ്പോൾ സീഡഡ് താരങ്ങളെല്ലാം മുന്നേറുകയാണ്. മൽസരങ്ങൾ രാവിലെ 10 മുതൽ ആരംഭിക്കും. കാണികൾക്കു പ്രവേശനം സൗജന്യമാണ്.