ഇന്ത്യന്‍ ക്രിക്കറ്റില്‍ 'വിരാട'യുഗം പിറന്നിരിക്കുന്നു. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന് എന്ന നിലയിലും വിരാട് കോഹ്ലിക്ക് വിജയത്തുടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും. ടീം വിജയത്തിലേക്ക് കുതിച്ചപ്പോഴും, ആ കുതിപ്പില്‍ ടീം പതറിയപ്പോഴും ധീരതയോടെ മുന്നില്‍ നിന്ന് നയിച്ചു. ക്യാപ്റ്റനുവേണ്ട ചങ്കുറപ്പുണ്ടെന്ന് വിരാട് തെളിയിച്ചു. ടെസ്റ്റിലായാലും ഏകദിനത്തിലായാലും മാറ്റമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ആദ്യനാലു വിക്കറ്റ് വീണാല്‍ തകരുന്നതല്ല ഇന്ത്യയുടെ ബാറ്റിങ് നിരയെന്നും ലോക ക്രിക്കറ്റിനെ കാണിച്ചു.
ക്യാപ്റ്റനായാല്‍ വിരാട് കോഹ്ലിയുടെ കളിമാറും. അത് ആദ്യം ടെസ്റ്റ് ക്രിക്കറ്റില്‍ കണ്ടു. ഇപ്പോള്‍ ഏകദിന ക്രിക്കറ്റിലും അത് പ്രതിഫലിച്ചിരിക്കുന്നു. ബാറ്റിങ് ശരാശരി ക്യാപ്റ്റനായാല്‍ കുതിച്ചുയരും. ഏകദിന ക്യാപ്റ്റനായശേഷമുള്ള ആദ്യമല്‍സരത്തില്‍ 350 റണ്‍സ് എന്ന വലിയ സ്കോറിലേക്ക് പിന്തുടര്ന്നപ്പോള് ടീം നാലിന് 63 എന്ന നിലയില്‍ പതറി. എന്നാല്‍ നായകന് കുലുങ്ങിയില്ല. ക്രീസില്‍ അപ്പോള്‍ കൂടെയുണ്ടായിരുന്ന കേദാര്‍ ജാദവിനോട് വിജയമാണ് നമ്മുടെ ലക്ഷ്യം മികച്ചൊരു കൂട്ടുകെട്ടാണ് വേണ്ടത്, പിന്തുണയുണ്ടാവണം എന്നു പറഞ്ഞപ്പോള്‍ കേദാര്‍ അതു കേട്ടു. ക്യാപ്റ്റന്‍ പ്രതീക്ഷച്ചതിലും അപ്പുറം നല്‍കുകയും ചെയ്തു. നായകന് എന്ന നിലയില്‍ പിന്നില്‍ നില്ക്കുന്ന ടീമിനെ മുന്നോട്ടു നയിക്കാന്‍ എങ്ങനെ ഊര്‍ജം പകരണമെന്ന് വിരാടിന് അറിയാം.
ടോസ് നേടിയപ്പോള്‍ ആദ്യം ബാറ്റുചെയ്യാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചത് സ്കോര്‍ പിന്തുടര്ന്ന് ജയിക്കുന്നതിലും സ്കോര്‍ പിന്തുടരുമ്പോഴുള്ള സ്വന്തം റെക്കോര്‍ഡും കണക്കിലെടുത്തായിരുന്നു. സ്കോര്‍ പിന്തുടരുമ്പോള് സെഞ്ചുറിയടിക്കുക കോഹ്ലിയുടെ ശീലമാണ്. അതിനു മാറ്റം വന്നില്ല. ടീം സ്കോര്‍ പിന്തുടരുമ്പോള് 17ാം തവണയാണ് കോഹ്ലി സെഞ്ചുറിയടിക്കുന്നത്. സച്ചിന് തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലി ഇപ്പോള്‍. ഇങ്ങനെ ടീം സ്കോര്‍ പിന്തുടരുമ്പോള് കോഹ്ലി നേടിയ 17സെഞ്ചുറിയില്‍ 15 സെഞ്ചുറികളും വിജയത്തിന്റേതുകൂടിയായിരുന്നു. ഇവിടെ കോഹ്്ലി മറികടന്നത് സച്ചന്റെ റെക്കോര്‍ഡാണ്. സച്ചിന്റെ 14ജയമാണ് കോഹ്ലി പതിനഞ്ചാക്കിയത്. എന്നാല്‍ സച്ചിനുമായി താരതമ്യം ചെയ്താല്‍ കോഹ്ലി പറയും'സച്ചിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് തന്റെ ക്രിക്കറ്റ് ജീവിതം. അത് കഠിനാധ്വാനത്തിലൂടെ നേടിയതാണ്. അല്ലാതെ സച്ചിനെപ്പോലെ ഒരു പ്രതിഭാധനനായ ക്രിക്കറ്റ് താരവുമല്ല' എന്ന്.
ടെസ്റ്റ് ക്യാപ്റ്റനായ ശേഷം തുടരെ അഞ്ചു പരമ്പര ജയങ്ങള്‍. ബാറ്റിങ്ങ് ശരാശരി 65ആയി. ക്യാപ്റ്റന്‍ ആകുന്നതിനു മുമ്പ് ടെസ്റ്റ് കരിയറിലെ ശരാശരി 41റണ്‍സായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം തന്നെ മൂന്നോ അതില്‍ കൂടുതലോ ഡബിള്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ അഞ്ചാമത്തെ താരവുമാണ് വിരാട് കോഹ്ലി. ഏകദിനത്തിലും അതിന് മാറ്റമില്ലെന്ന് ആദ്യമല്‍സരം തന്നെ തെളിയിച്ചു. ടീമിനെ ജയത്തിലേക്ക് നയിച്ചു. ഒപ്പം സെഞ്ചുറിയും കരസ്ഥമാക്കി. ശേഷിക്കുന്ന രണ്ടുമല്‍സരങ്ങളില്‍ കോഹ്ലി ടീമിനെ എങ്ങനെ നയിക്കും എന്നതാണ് ഇനി ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോഹ്ലി ഇല്ലായിരുന്നു. എന്നാല്‍ ഏകദിന ടീമില്‍ വിരാട് ഉള്‍പ്പെടുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ 2016ല്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും ഉള്‍പ്പെടെ ആയിരത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്ത് മികവോടെ നിന്നപ്പോഴായിരുന്നു വിരാട് കോഹ്ലിയെ ഒഴിവാക്കി ഐസിസി ടെസ്റ്റ് ടീം വന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമിന്റെ നായകനായിട്ടുപോലും പരിഗണിച്ചില്ല. അപ്പോഴെ ഊഹിച്ചു വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഉടനെത്തുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു.