ഫുട്ബോൾ താരമായ പോൾ പോഗ്ബയ്ക്ക് ബാസ്കറ്റ് ബോൾ കളിക്കാൻ വിലക്ക്! താരത്തിന്റെ ബാസ്കറ്റ് ബോൾ പ്രേമത്തിന് തടയിട്ടത് സ്വന്തം ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും.
ഇപ്പോൾ തന്നെ പരുക്കേറ്റ് വെള്ളവരയ്ക്കു പുറത്താണ് താരം. ഇനി ബാസ്കറ്റ് ബോൾ കളിച്ച് പരുക്ക് കൂടുതൽ പ്രശ്നമാകാതിരിക്കാനാണ് താരത്തെ വിലക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെയാണ് 24 കാരനായ താരത്തിന് പരുക്കേറ്റത്.
ഇതോടൊപ്പം പോഗ്ബ ബാസ്കറ്റ് ബോൾ കൂടി കളിച്ചാൽ അദ്ദേഹത്തിന്റെ പേശീവലിവ് ഗുരുതരമാകുമെന്ന് മെഡിക്കൽ സംഘം ആശങ്ക പ്രകടിപ്പിച്ചു. ഇതാണ് താരത്തിന്റെ ബാസ്കറ്റ് ബോൾ പ്രണയത്തിന് നിർബന്ധിത ഇടവേള നൽകാൻ കാരണമായത്.
ഫിറ്റ്നസ് തിരിച്ചു പിടിക്കാൻ കഠിനമായ പരിശീനലത്തിലാണ് താരം. ബ്രൂസ് ലീ സ്റ്റൈലിൽ വർക്കൗട്ട് ചെയ്യുന്നത് പോഗ്ബ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം കണ്ട് ഡോക്ടർമാർ ഒരൽപ്പം പേടിച്ചു. ഇപ്പോൾ തന്നെ നിരവധി മൽസരങ്ങൾ നഷ്ടപ്പെട്ട താരത്തെ കൂടുതൽ പരിക്കുകൾ വലയ്ക്കാതിരിക്കാൻ മുൻകരുതലായാണ് ബാസ്കറ്റ്ബോൾ കളി വിലക്കിയത്.