അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടി. യോഗ്യതാമല്സത്തില് പെറുവിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീന ആറാം സ്ഥാനത്തായി. മറ്റ് മല്‍സരങ്ങളില്‍ ബ്രസീലും യുറഗ്വായും സമനില വഴങ്ങിയപ്പോള്‍ ചിലെയും ജര്‍മനിയും ഇംഗ്ലണ്ടും വിജയിച്ചു.
ആരാധകര്‍ക്ക് ഇനി ഉദ്വേഗത്തിന്റെ ദിനങ്ങള്‍. ഇക്വഡോറിനെ തോല്‍പ്പിച്ചാല്‍ പോരാ, ചിലെയുടെ തോല്‍വിക്കായി പ്രാര്‍ത്ഥിക്കുകയും വേണം. ഡിബാലയും ഹിഗ്വെയ്നുമില്ലാതെയിറങ്ങിയ മെസിക്കൂട്ടത്തെ പിടിച്ചുകെട്ടി പെറു. അഞ്ചാം സ്ഥാനത്തുള്ള പെറുവുമായി പോയിന്റ് നിലയില്‍ തുല്യരാണെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് അര്‍ജന്റീനയ്ക്ക് വിനയായത്. ബൊളീവിയയെ നേരിട്ട ബ്രസീലിനും വെനസ്വേലയുമായി ഏറ്റുമുട്ടിയ യുറഗ്വായ്ക്കും ഗോള്‍രഹിത സമനില പിണഞ്ഞു. എന്നാല്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ ചിലെ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
കൊളംബിയയെ 2-1ന് വീഴ്ത്തിയ പാരഗ്വായാണ് മേഖലയില്‍ അട്ടിമറി നടത്തിയത്. യൂറോപ്പില്‍ വടക്കന്‍ അയര്‍ലണ്ടിനെ നേരിട്ട ജര്‍മനി 3-1ന് കളി അവസാനിപ്പിച്ചപ്പോള്‍ സ്ലൊവേനിയക്കെതിരെ ഒറ്റഗോള്‍ ജയത്തോടെ ഇംഗ്ലണ്ട് രക്ഷപെട്ടു.