തകർപ്പൻ ഫോമിൽ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിശകലനങ്ങൾ ക്രിക്കറ്റ് ലോകത്ത് പുത്തരിയില്ല. ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ കിടിലൻ പ്രകടനവുമായി കോഹ്ലി ടീമിന് വിജയം സമ്മാനിച്ചശേഷം ഇത്തരം താരതമ്യങ്ങൾ കൂടിയിട്ടേയുള്ളൂ. എന്നാൽ, കോഹ്ലി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുമ്പോഴും സച്ചിൻ തന്നെയാണ് മികച്ച താരം എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് സച്ചിന്റെ സമകാലികനായിരുന്ന പാക്ക് ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്.
കോഹ്ലിയിൽനിന്ന് ഒന്നും എടുത്തുമാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം സമാനതകളില്ലാത്ത താരമാണ്. എന്നാൽ, കളിച്ച കാലഘട്ടത്തിന്റെ പ്രത്യേകതകൾ പരിഗണിക്കുമ്പോള്‍ ക്രിക്കറ്റ് താരമെന്ന നിലയിൽ കോഹ്ലിയേക്കാൾ മികച്ചുനിന്നത് സച്ചിൻ തെൻഡുൽക്കറായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾക്കും മികച്ച ഫാസ്റ്റ് ബോളർമാർക്കും സ്പിന്നർമാര്‍ക്കും എതിരെയായിരുന്നു സച്ചിൻ കളിച്ചിരുന്നത് എന്നതു തന്നെ കാരണം - മുഹമ്മദ് യൂസഫ് വിശദീകരിക്കുന്നു.
പണ്ടത്തേതിനെ അപേക്ഷിച്ച് ഇപ്പോൾ കളിയുടെയും കളിക്കാരുടെയും നിലവാരം താഴോട്ടുപോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1990കള്‍ മുതൽ 2011 വരെയുള്ള കാലഘട്ടം പരിശോധിക്കുമ്പോൾ ഇപ്പോൾ കളിയുടെയും കളിക്കാരുടെയും നിലവാരം മോശമായി. 2011 ലോകകപ്പിനുശേഷമാണ് ഇത് കൂടുതലായും ദൃശ്യമായത്. ലോക നിലവാരത്തിലുള്ള താരമായിരുന്നു സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ടീമുകൾക്കും എതിരാളികൾക്കുമെതിരെ സച്ചിൻ നേടിയിട്ടുള്ള റൺസുകളും സെഞ്ചുറികളും പരിശോധിച്ചാൽ ഇത് മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സച്ചിനെതിരെ വളരെയേറെത്തവണ കളിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. അദ്ദേഹം ലോകനിലവാരത്തിലുള്ള താരവും കളി ജയിപ്പിക്കുന്ന ഒട്ടേറെ പ്രകടനങ്ങൾ നടത്തിയിട്ടുള്ളയാളുമാണ്. ഇന്ന് അതേ നിലവാരത്തിലുള്ള ബോളർമാരേയും എതിരാളികളേയുമാണ് കോഹ്ലി നേരിടുന്നത് എന്ന് എനിക്കു തോന്നിയിട്ടില്ല - യൂസഫ് പറഞ്ഞു.