റിലയൻസ് ഫൗണ്ടേഷന്റെ യൂത്ത് സ്പോർട്സ് പദ്ധതി കേരളത്തിലെ 400 വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കൂടി ഈ വർഷം വ്യാപിപ്പിക്കുമെന്ന് ആർ.എഫ്.വൈ.എസ് ചെയർപേഴ്സൺ നിത അംബാനി. വിവിധ കായിക ഇനങ്ങളുടെ കേന്ദ്രമാക്കി രാജ്യത്തെ മാറ്റിയെടുക്കുകയെന്നാണ് റിലയൻസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ആർ.എഫ്.വൈ.എസ് ഫുട്്ബോൾ ചാംപ്യൻഷിപ്പിന്റെ രണ്ടാം സീസൺ മത്സരങ്ങൾ കൊച്ചി രാജഗിരി പബ്ലിക് സ്കൂളിൽ നിത അംബാനി ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ആർ.എഫ്.വൈ.എസ് ഫുട്്ബോൾ ചാംപ്യൻഷിപ്പിന്റെ രണ്ടാം സീസൺ മത്സരങ്ങൾക്കാണ് നിത അംബാനിയുടെ സാന്നിധ്യത്തിൽ കളമശേരി രാജഗിരി പബ്ലിക് സ്കൂളിന്റെ മൈതാനത്ത് തുടക്കമായത്. ആർ.എഫ്.വൈ.എസിന്റെ ആദ്യ സീസൺ ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് കേരള ബ്ലാസ്റ്റേഴ്സിൽ ഇടം നേടിയ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥി അജിത് ശിവയ്ക്കുള്ള ജഴ്സിയും ചടങ്ങിൽ നിത അംബാനി കൈമാറി. ഫുട്്ബോളിനോടുള്ള മലയാളിയുടെ ആഭിമുഖ്യമാണ് രണ്ടാം സീസൺ ഉദ്ഘാടന മത്സരം കൊച്ചിയിൽ നടത്താനുള്ള തീരുമാനത്തിന് പ്രേരണയായതെന്ന് നിത അംബാനി പറഞ്ഞു. ഫുട്ബോളിനൊപ്പം അത്്ലറ്റിക്സിലേക്കും റിലയൻസ് ഫൗണ്ടേഷൻ ശ്രദ്ധതിരിക്കുകയാണ്. സ്കൂൾ കോളജ് തലത്തിൽ നാല് ദശലക്ഷം കായികതാരങ്ങളെ വളർത്തിയെടുക്കുയാണ് ലക്ഷ്യം.
മൂവായിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി അറുപതിനായിരം വിദ്യാർഥികളാണ് അടുത്ത അഞ്ച് മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫുട്്ബോൾ ചാംപ്യൻഷിപ്പിൽ മത്സരിക്കുക. രാജഗിരി പബ്ലിക് സ്കൂളും അസീസി വിദ്യാനികേതനും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ രാജഗിരി ജേതാക്കളായി.