ബ്രസീലിയന്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയര്‍ അണ്ടര്‍ 17 ലോകകപ്പിനെത്തില്ല. താരത്തെ വിട്ടുനല്‍കാന്‍ ബ്രസീലിയന്‍ ക്ലബായ ഫ്ലെമെംഗോ തയാറാകാത്തതാണ് കാരണം. വിനീഷ്യസ് ജൂനിയര്‍ കൊച്ചിയില്‍ പന്തുതട്ടുന്നത് കാണാന്‍ കാത്തിരുന്ന ഫുട്ബോള്‍ ആരാധകരെ നിരാശരാക്കുന്നതാണ് തീരുമാനം.
ബ്രസീലിന്റെ അല്‍ഭുതബാലന്‍ എന്നറിയപ്പെടുന്ന വിനീഷ്യസ് ജൂനിയര്‍ ഇന്ന് മുംബൈയിലെത്തി ബ്രസീല്‍ ടീമിനൊപ്പം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഫിഫയ്ക്കു നല്കിയ പട്ടികയില്‍ ടീമിലെ പതിനൊന്നാം നമ്പര്‍ താരമായി വിനീഷ്യസിനെ ബ്രസീല്‍ കോച്ച് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അണ്ടര്‍ 17 ലോകകപ്പില്‍ കീരീടസാധ്യത കല്പിക്കപ്പെടുന്ന ബ്രസീലിന്റെ പ്രതീക്ഷകള്‍ ഈ ബൂട്ടുകളില്‍ നിന്നുതിരുന്ന ഗോളുകളെ ആശ്രയിച്ചായിരുന്നു. ഈവര്‍ഷമാദ്യം നടന്ന ലാറ്റിനമേരിക്കന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പില്‍ ഏഴുഗോള്‍ നേടി ടോപ് സ്കോറര്‍ ആയത് വിനീഷ്യസ് ജൂനിയര്‍ ആയിരുന്നു. ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ചെറുപ്രായത്തില്‍ നടത്തുന്ന അല്‍ഭുത പ്രകടനമാണ് റെക്കോര്‍ഡ് തുകയ്ക്ക് താരത്തെ ടീമിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡിനെ പ്രേരിപ്പിച്ചത്. റയല്‍ മഡ്രിഡ് സ്വന്തമാക്കിയെങ്കിലും ലോണ്‍ അടിസ്ഥാനത്തില്‍ ബ്രസീല്‍ ക്ലബായ ഫ്ലെമംഗോയ്ക്കുവേണ്ടിയാണ് വിനീഷ്യസ് കളിച്ചിരുന്നത്. ഫ്ലെമെംഗോ ക്ലബ്ബിന്റെ ബോര്‍ഡ് അംഗങ്ങളും പരിശീലകരും വിനീഷ്യസുമായി കൂടിയാലോചിച്ചാണ് താരത്തെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
വിനീഷ്യസ് ലോകകപ്പിനെത്തില്ലെന്ന കാര്യം മുംബൈയിലുള്ള ബ്രസീല്‍ ടീം മാനേജറും സ്ഥിരീകരിച്ചു. കൊച്ചിയില്‍ ഒക്ടോബര്‍ ഏഴിന് കരുത്തരായ സ്പെയിനുമായാണ് ബ്രസീലിന്റെ ആദ്യമല്‍സരം. മല്‍സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. വിനീഷ്യസിന്റെ അഭാവം, താരത്തിന്റെ മാന്ത്രികപ്രകടനം കാണാന്‍ കാത്തിരുന്ന കൊച്ചിയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കടുത്ത നിരാശ പകരുന്നതായി.