ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ആറു വിക്കറ്റിന് 687 ല്‍ ബംഗ്ലദേശിനെതിരെ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പരയിലും ഇരട്ടസെഞ്ചുറിയെന്ന റെക്കോര്‍ഡ് വിരാട് കോഹ്ലി സ്വന്തമാക്കി. വൃദ്ധിമാന്‍ സാഹയും സെഞ്ചുറി നേടി. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തിട്ടുണ്ട്.
ഒരു ക്രിക്കറ്റ് സീസണില്‍ നാലു ഇരട്ടസെഞ്ചുറികള്‍, അതും തുടര്‍ച്ചയായ പരമ്പരകളില്‍. ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരങ്ങള്ക്കു പോലും നേടാന്‍ കഴിയാത്ത അപൂര്‍വനേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ആദ്യ നൂറ് 130 പന്തുകളില്‍ പൂര്‍ത്തിയാക്കിയ കോഹ്ലിക്ക് രണ്ടാം നൂറിന് 109 പന്തുകളെ വേണ്ടി വന്നുള്ളു.
കഴിഞ്ഞ വര്‍ഷം ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരായ 200, ഇന്‍ഡോറില്‍ ന്യൂസീലന്‍ഡിനെതിരായ 211, മുംബൈയില്‍ ഇംഗ്ലണ്ടിനെതിരായ 235 എന്നിവയാണ് കോഹ്ലിയുടെ കരിയറിലെ മറ്റ് ഇരട്ടസെഞ്ചുറികള്‍. നാലാം വിക്കറ്റില്‍ കോഹ്ലി -രഹാനെ സഖ്യം 222 റണ്‍സെടുത്തു. കോഹ്ലി 204ഉം രഹാനെ 82ഉം റണ്‍സോടെ പുറത്തായെങ്കിലും പിന്നാലെ എത്തിയവരും സ്കോറിങ് വേഗം കുറച്ചില്ല. സാഹയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയും ജഡേജയുടെ 60 റണ്‍സും ഇന്ത്യന്‍ സ്കോര്‍ അനായാസം 687ല്‍ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം കളി അവസാനിപ്പിച്ചത്. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ ഉമേഷ് യാദവ് പുറത്താക്കി. മൂന്നാം ദിനം ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ ബംഗ്ലദേശ് എങ്ങനെ പ്രതിരോധിക്കുമെന്നാണ് കണ്ടറിയേണ്ടത്