ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ പുതിയ ചരിത്രം കുറിച്ച് യെലേന ഒസ്റ്റാപെന്‍കോ കിരീടം നേടി. മൂന്നാം സീഡ് സിമോണ ഹാലപ്പിനെ അട്ടിമറിച്ചാണ് കിരീടനേട്ടം. 1933ന് ശേഷം ആദ്യമായാണ് സീഡ് ചെയ്യപ്പെടാത്ത ഒരു വനിതാ താരം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കുന്നത്. പുരുഷ ഫൈനലില്‍ റാഫേല്‍ നദാല്‍ സ്റ്റാന്‍ വാവ്റിങ്കയെ നേരിടും.
കളിമണ്‍ കോര്‍ട്ടില്‍ ഇത് അപൂര്വചരിത്രനിമിഷം. നാളിതുവരെ കണ്ട സൂപ്പര്‍ താരങ്ങളുടെ കലാശപ്പോരാട്ടങ്ങളെ നിഴലിലാക്കി ഇരുപതുകാരിയായ യെലേന ഒസ്റ്റാപെന്‍കോ. ലാത്വിയയെന്ന കൊച്ചുരാജ്യത്തിന് യെലേന ഇനി വീരവനിതയാണ്. രാജ്യത്തേയ്ക്ക് ആദ്യമായി ഒരു ടെന്നിസ് ഗ്രാന്സ്ലാം കിരീടമെത്തിച്ച വിസ്മയതാരം.
മൂന്നാം സീഡും ലോക നാലാം റാങ്കുകാരിയുമായ റുമേനിയയുടെ സിമോണ ഹാലപ്പിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഈ ഫ്രഞ്ച് ഓപ്പണിന് മുന്‍പ് യെലേനയുടെ ഗ്രാന്സ്ലാം പ്രകടനം മൂന്നാം റൗണ്ടിനപ്പുറം കടന്നിരുന്നില്ല. ആദ്യ സെറ്റ് വലിയ വെല്ലുവിളികള്‍ ഇല്ലാതെ 6-4ന് സിമോണ സ്വന്തമാക്കി. ഫൈനലെന്നതിന്റെ അങ്കലാപ്പ് മാറിയതോടെ ലാത്വിയന്‍ താരം തിരിച്ചടിച്ചുതുടങ്ങി. പവര്‍ഫുള്‍ ഗ്രൗണ്ട് സ്ട്രോക്കുകളും ക്രോസ്കോര്‍ട്ട് ഫോര്‍ഹാന്‍ഡുകളും പാഞ്ഞു. 6-4ന് രണ്ടാം സെറ്റ് പിടിച്ച യെലേന 6-3ന് മൂന്നാം സെറ്റും മല്‍സരവും സ്വന്തമാക്കി. 2014ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയ ലാത്വിയന്‍ താരത്തിന്റെ ആദ്യ സീനിയര്‍ ഗ്രാന്സ്ലാം കിരീടം. എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് റൊളാങ് ഗാരോസില്‍ സീഡ് ചെയ്യപ്പെടാത്ത ഒരു താരം കപ്പുയര്‍ത്തുന്നത്.