ടെസ്റ്റ് ക്രിക്കറ്റിന്റെ പോര്‍വിളി ഒഴിഞ്ഞ പിച്ചില്‍ ഇനി ഐപിഎല്‍ ആവേശം. പത്താം സീസണിന് അടുത്ത ബുധനാഴ്ച തിരിതെളിയും. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പരുക്കിന് പിന്നാലെ ലോകേഷ് രാഹുലിന് സീസണ് മുഴുവന്‍ നഷ്ടമാകുമെന്നതും ഉദ്ഘാടനമല്‍സരത്തിന് തയ്യാറെടുക്കുന്ന റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടിയായി.
ഐപിഎല്‍ ഒന്‍പതാം സീസണിനെ ആവേശക്കൊടുമുടി കയറ്റിയ ആര്‍സിബി നായകന് പത്താംസീസണിന്റെ പകുതിയോളം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബിസിസിഐ ഡോക്ടറും ഫിസിയോയും പരിശോധിച്ച ശേഷമെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകു. ഒരു സീസണില്‍ ആയിരം റണ്‍സെന്ന ചരിത്രനേട്ടം വെറും 27 റണ്‍സകലെയാണ് കഴിഞ്ഞ സീസണില്‍ കോഹ്ലിക്ക് നഷ്ടമായത്. പുണെ ടെസ്റ്റിനിടെയുണ്ടായ പരുക്കാണ് ലോകേഷ് രാഹുലിന് വില്ലനായത്. പരുക്ക് വകവയ്ക്കാതെ കളിച്ച രാഹുല്‍ ആറ് അര്‍ധസെഞ്ചുറിയും ടെസ്റ്റ് പരമ്പരയില്‍ നേടി.
ചികില്സയ്ക്കൊരുങ്ങുന്ന രാഹുലിന് മിക്കവാറും ഐപിഎല്‍ സീസണ് കഴിഞ്ഞാലെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകു. ജൂണില്‍ ലണ്ടനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയോടെ മടങ്ങിയെത്താമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. കോഹ്ലിക്ക് പുറത്തിരിക്കേണ്ടി വന്നാല്‍ ഡിവില്ലിയേഴ്സ് ആര്‍സിബിയെ നയിക്കും. ബാറ്റിങ് കരുത്തിലിറങ്ങുന്ന ടീമിന് കോഹ്ലിയുടേയും രാഹുലിന്റേയും അഭാവം വലിയ തിരിച്ചടിയാകും. സര്‍ഫറാസ് ഖാന്, മന്ദീപ് സിങ് തുടങ്ങിയ യുവതാരങ്ങള്‍ നിര്‍ണായക സാന്നിധ്യമാകുമെന്നാണ് കോച്ച് ഡാനിയല്‍ വെട്ടോറിയുടെ പ്രതീക്ഷ.
Advertisement