കിങ്സ്റ്റണ്‍ ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ 8 വിക്കറ്റിനു തകര്‍ത്ത് ഏകദിനപരമ്പര ഇന്ത്യ സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ സെഞ്ചുറിമികവിലാണ് 206 റണ്‍സ് വിജയലക്ഷ്യം 37-ാം ഓവറില്‍ ഇന്ത്യ മറികടന്നത്. കോഹ്ലി 111 റണ്‍സുമായി പുറത്താകാതെ നിന്നു.
നയിച്ചത് നായകന് തന്നെ. കഴിഞ്ഞ മല്‍സരത്തില്‍ പഴിയേറെ കേട്ട ധോണിക്ക് ടീമിന്റെ വക പിറന്നാള്‍ സമ്മാനം. തോല്ക്കാന് മനസ്സില്ലെന്ന മട്ടിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. അപവാദമായത് ധവാന് മാത്രം. രഹാനെയും കോഹ്ലിയും 79 റണ്‍സ് ചേര്‍ത്തതോടെ വിന്‍ഡീസ് കളി വിട്ടു. 39 റണ്‍സുമായി രഹാനെ മടങ്ങിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തി. പിന്നീടൊരിക്കല്‍ പോലും ജേസണ്‍ ഹോള്‍ഡറുടെ വഴിയെ കാര്യങ്ങള്‍ നിന്നില്ല. ഇതിനിടെ കരിയറിലെ 28ആമത്തെ സെഞ്ചുറിയിലേക്ക് കോഹ്ലിയെത്തി. റണ്‍ചേസില്‍ പതിനെട്ട് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും ഇന്ത്യന്‍ നായകന് സ്വന്തം
കരീബിയന്‍ ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയ ഇന്ത്യന്‍ ബോളര്‍മാരാണ് വിജയത്തിലേക്കുള്ള അദ്യപടി കെട്ടിയത്. കൈല്‍ ഹോപ്പിനേയും റൊസ്റ്റണ് ചേസിനേയും അതുത്തടുത്ത പന്തുകളില്‍ ഉമേഷ് യാദവ് പുറത്താക്കിയത് നിര്‍ണായകമായി
മുഹമ്മദ് ഷമി നാലുവിക്കറ്റുകളുമായി കളം നിറഞ്ഞു. 51 റണ്‍സെടുത്ത ഷായ് ഹോപ്പും 36 റണ്‍സെടുത്ത ഹോള്‍ഡറും 32 റണ്‍സുമായി റോവ്മാന്‍ പവലുമാണ് ആതിഥേയരെ 200 കടത്തിയത്. കോഹ്ലി കളിയിലെ താരമായപ്പോള്‍ അജിങ്കയ രഹാനെ പരമ്പരയിലെ താരമായി