മരിയ ഷറപ്പോവയ്ക്ക് ടെന്നിസ് കോര്‍ട്ടിലെ കഷ്ടകാലം അവസാനിക്കുന്നില്ല. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന് റഷ്യന്‍ താരം പരുക്കുമൂലം പിന്മാറി. ഷറപ്പോവയുടെ വിംബിള്‍ഡണ്‍ സ്വപ്നങ്ങള്‍ക്ക് പരുക്ക് വില്ലനായേക്കും.
ഉത്തേജകമരുന്നടിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിച്ചതിന് 15 മാസത്തെ വിലക്കു കഴിഞ്ഞെത്തിയ മരിയ ഷറപ്പോവയ്ക്ക് പരുക്കാണ് വീണ്ടും വില്ലന്‍. ഉത്തേജകഉപയോഗത്തിലൂടെ ടെന്നിസിന് കളങ്കമായ താരത്തെ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാമിലേക്ക് ക്ഷണിക്കില്ലെന്ന തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇറ്റാലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കളി മതിയാക്കി പരുക്കോടെ താരം കളം വിട്ടു. ക്രൊയേഷ്യന്‍ താരം മിര്യാന ബറോണിയുമായുള്ള മല്‍സരത്തിന്റെ മൂന്നാം സെറ്റില്‍ 2-1ന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് കാല്‍ത്തുടയ്ക്കേറ്റ പരുക്ക് ചൂണ്ടിക്കാട്ടി മുന്ചാംപ്യന്റെ പിന്മാറ്റം.
മുന്ലോകഒന്നാം നമ്പറും അഞ്ചു തവണ ഗ്രാന്സ്ലാം ചാംപ്യനുമായ മരിയ ഷറപ്പോവ നിലവില്‍ 211ാം റാങ്കിലാണ്. ഈ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നിരുന്നെങ്കില്‍ വൈല്‍ഡ് കാര്‍ഡിന് കാത്തുനില്‍ക്കാതെ വിംബിള്‍ഡന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിക്കാമായിരുന്നു. മികച്ച ഫോമില്‍ നേട്ടങ്ങളുടെ ഉന്നതിയില്‍ നിന്നപ്പോഴൊക്കെ പിന്നോട്ടടിച്ച് പരുക്കും റഷ്യന്‍ താരത്തിനൊപ്പമുണ്ടായിരുന്നു. ടെന്നിസ് കോര്‍ട്ടില്‍ സമയം പാഴാക്കാതെ മോഡലിങ് രംഗത്തേയ്ക്ക് തന്നെ മടങ്ങിപ്പോകാനാണ് ഷറപ്പോവയ്ക്ക് വിമര്‍ശകരുടെ ഉപദേശം.