കാന്‍ഡി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഫോളോഓണ്‍. ഇന്ത്യ ഉയര്‍ത്തിയ 487 നെതിരെ ഒന്നാമിന്നിങ്സ് ബാറ്റിങിനിറങ്ങിയ ലങ്കന്‍ ഇന്നിങ്സ് 135ല്‍ അവസാനിച്ചു. രണ്ടാംമിന്നിങ്സ് ബാറ്റിങ് ആരംഭിച്ച ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെടുത്തു.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിങ് സ്ഫോടനമായിരുന്നു രണ്ടാം ദിനത്തിലെ കാഴ്ച. 6ന് 329 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി പാണ്ഡ്യ 61 പന്തില്‍ അര്‍ധശതകം തികച്ചു. പിന്നീടുള്ള 24 പന്തില്‍ ഒരന്പത് കൂടി. 85 പന്തില്‍ സെഞ്ചുറി.
108 റണ്‍സുമായി പത്താമനായി പാണ്ഡ്യ പുറത്ത്. ഇന്ത്യന്‍ സ്കോര്‍ 487. മറുപടി ബാറ്റിങിന് ഇറങ്ങിയ ലങ്കയ്ക്ക്ി തുടക്കം പാളി. 38 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറിയ ലങ്കയെ ചാണ്ഡിമലും ഡിക്ക്വെല്ലയും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചു നോക്കി. പക്ഷെ ഡിക്ക്വെല്ലയെ പുറത്താക്കി കുല്‍ദീപ് യാദവിന്റെ ബ്രേക്ക്. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. 135 റണ്‍സില്‍ ലങ്ക പുറത്ത്.
നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന് പുറമെ അശ്വിനും ഷമിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാമിന്നിങ്സില്‍ ഉമേഷ് യാദവ് വിക്കറ്ര് വേട്ട തുടങ്ങിവച്ചു. മൂന്നാം ദിനം എത്രയും വേഗം ലങ്കയെ പുറത്താക്കി ഇന്നിങ്സ് ജയമാകും ഇന്ത്യ ലക്ഷ്യമിടുന്നത്.