അണ്ടര്‍ പതിനേഴ് ലോകകപ്പിനായി കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫയ്ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഡിയത്തിനു ചുറ്റുമുളള കടമുറികളും പൊലീസ് ഒഴിപ്പിച്ചു. ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യ മല്‍സരം.
ജവഹര്‍ലാല്‍ െനഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങിലാണ് മൈതാനങ്ങളുടെ നിയന്ത്രണം ഫിഫ അധികൃതര്‍ക്ക് കൈമാറിയത്. കലൂര്‍ സ്റ്റേഡിയത്തിന്റെയും നാലു പരിശീലന മൈതാനങ്ങളുടെയും നിയന്ത്രണം മല്‍സരങ്ങള്‍ അവസാനിക്കും വരെ ഫിഫയ്ക്കായിരിക്കും.
സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുന്നതടക്കമുളള ജോലികളാണ് പൂര്‍ത്തിയാകാനുളളത്. ആദ്യ മല്‍സരത്തിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെന്നതിനാല്‍ പരമാവധി വേഗത്തില്‍ ജോലികള്‍ തീര്‍ക്കാനുളള നെട്ടോട്ടത്തിലാണ് സംഘാടകര്‍. അതേസമയം സ്റ്റേഡിയത്തിനു പുറത്തെ വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടി. പൊലീസ് സാന്നിധ്യത്തിലാണ് കടകള്‍ അടപ്പിച്ചത്.