സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ റയല്‍ ബെറ്റിസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മറ്റൊരു മത്സരത്തില്‍ ബാര്‍സിലോനയെ ഡിപോര്‍ട്ടിവോ അട്ടിമറിച്ചു.
ഇരുപത്തിയഞ്ചാം മിനിട്ടില്‍ കെ നവാസിന്റെ പിഴവിലൂടെ ലഭിച്ച ഗോളില്‍ റിയല്‍ ബെറ്റിസ് മുന്നിലെത്തി. എന്നാല്‍ 41ാം മിനിട്ടില്‍ കിസ്റ്റ്യാനോ റോണാള്ഡോയിലൂടെ റയല്‍ ഗോള്‍ മടക്കി. 81ാം മിനിട്ടില്‍ സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.
അവസാന മിനിട്ടുകളില്‍ ഇരുടീമുകളും ശക്തമായ ആക്രമണം അഴിച്ചു വിട്ടു. സമനില സ്വന്തമാക്കാനുള്ള റിയല്‍ ബെറ്റിസിന്റെ അവസാന ശ്രമം കീലര്‍ നവാസ് തട്ടിയകറ്റി. ഇതോടെ 26 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റുമായി റയല്‍ ഒന്നാമത്.
സ്പാനീഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാര്‍സിലോനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡീപോര്‍ട്ടിവോ അട്ടിമറിച്ചു. ഇതോടെ 27 മത്സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി ബാര്‍സ രണ്ടാം സ്ഥാനത്തായി. ബാര്‍സയ്ക്ക് വേണ്ടി ലൂയി സുവാരസാണ് ഒരു ഗോള്‍ നേടിയത്.