കേരള ബ്ലാസ്റ്റേഴ്സും കേരള ഫുട്ബോള്‍ അസോസിയേഷനും േചര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങുന്നു. ഈ ഫുട്ബോള്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി ലീഗ് മല്‍സരങ്ങള്‍ നടത്തും. ലീഗിന്റെ ലോഗോ കൊച്ചിയില്‍ പ്രകാശനം ചെയ്തു. താഴേത്തട്ടില്‍ ഫുട്ബോള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കേരളത്തിലെ വിവിധ ജില്ലകളിലായി 25 ഫുട്ബോള്‍ സ്കൂളുകള്‍ കേരള ബ്ലാസ്റ്റേഴ്സും
കെ.എഫ്.എയും ചേര്‍ന്ന് തുടങ്ങുന്നത്. അംഗീകാരമുള്ള പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. പത്ത്, പന്ത്രണ്ട്, പതിനാല്, പതിനാറ് എന്നീ പ്രായപരിധിയില്‍ തരംതിരിച്ചായിരിക്കും സ്കൂള്‍ പ്രവേശനം.
സ്കൂളുകള്‍ തമ്മിലുള്ള ലീഗ് മല്‍സരങ്ങളില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ജില്ലകളില്‍ മല്‍സരിച്ചു വിജയിക്കുന്ന ടീമുകള്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പിനായി ഏറ്റുമുട്ടും. കെ.എഫ്.എയുടെ സാങ്കേതിക സഹകരണത്തോടെയായിരിക്കും പുതിയ പദ്ധതി. ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോള്‍ വികസനകേന്ദ്രത്തിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതും ഈ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. കുട്ടികളുടെ സ്കൂള്‍ പഠനത്തെ ബാധിക്കാത്ത വിധത്തില്‍ ഫുട്ബോള്‍ പരിശീലനം ക്രമീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.