ട്രാന്‍സ്ഫര്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ബാര്‍സിലോനയുമായുള്ള കരാര്‍ പുതുക്കാന്‍ ലയണല്‍ മെസി തയാറെടുക്കുന്നു. ജുലൈയില്‍ ന്യൂ ക്യംപില്‍ തിരിച്ചെത്തുന്ന മെസി റെക്കോര്‍ഡ് തുകയ്ക്കായിരിക്കും പുതിയ കരാറിലൊപ്പിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 4 വര്‍ഷത്തേക്കാണ് ബാര്‍സയുമായുള്ള പുതിയ കരാര്‍.
കരാറൊപ്പിടാന്‍ വൈകിയപ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാവുകയാണ്. റയല്‍ മാഡ്രിഡിലേക്കുമില്ല, മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുമില്ല., കറ്റാലന്‍ കരുത്തിന്റെ പടത്തലയില് മെസിയുണ്ടാകും. 2018 വരെയാണ് കരാറെങ്കിലും പുതുക്കാത്തതെന്തേ എന്ന് മുറവിളി കൂട്ടിയവര്‍ക്ക് മുന്നിലേക്ക് റെക്കോര്‍ഡ് തുകയും വാങ്ങിയാണ് കാല്‍പ്പന്തുകളിയുടെ മിശിഹാ ഡ്രിബിള്‍ ചെയ്യാനൊരുങ്ങുന്നത്. ശനിയാഴ്ച 30 വയസ് തികഞ്ഞ മെസി 4 വര്‍ഷത്തെ കാരാര്‍ ഒപ്പിടുന്നതോടെ കരിയറിന്റെ അവസാന നാളുകളിലും ബാള്സയ്ക്കൊപ്പമാകുമെന്ന് തന്നെ ആരാധകര്‍ക്ക് ഉറപ്പിക്കാം.
ബാര്‍സ അധികൃതരുമായി പിതാവ് ജോര്‍ജ് മെസിയും നിയമജ്ഞരും ചര്‍ച്ച പൂര്‍ത്തിയാക്കി. തുകസംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നെന്നും ഏറ്റവും മൂല്യമേറിയ താരമായി മെസി മാറുകയാണെന്നും ബാര്‍സ മാനെജ്മെന്റ് വ്യക്തമാക്കുന്നു. മെസി ഉള്‍പ്പെടുന്ന നിരയെ നല്കാന് കഴിഞ്ഞാല്‍ പുതിയ പരിശീലകന് ഏര്‍ണെസ്റ്റോ വാല്വെര്ഡേയ്ക്ക് വലിയ ഊര്‍ജമാകുമെന്നും ബാര്‍സ പ്രസിഡന്റ് ജോസെഫ് മരിയ ബെര്ത്തോമെ പ്രതീക്ഷ പ്രകടിപ്പിച്ചു.