ഐപിഎല്‍ പത്താം സീസണിലേക്കുള്ള താരലേലത്തില്‍ പേസ് ബോളര്‍മാര്‍ക്ക് വന്‍തുക. പതിനാലരക്കോടി നേടിയ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിനാണ് കൂടുതല്‍ തുക ലഭിച്ചത്. ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ ആരും ലേലത്തില്‍ വാങ്ങിയില്ല. മലയാളി താരം ബേസില്‍ തമ്പിയെ 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി.
ബാറ്റ്സ്മാന്മാര്ക്ക് ലോട്ടറി അടിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി നേട്ടമുണ്ടാക്കിയത് ബോളര്‍മാരാണ്. ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനായി ഡല്‍ഹിയും മുംബൈയും മല്‍സരിച്ച് ലേലം വിളി തുടങ്ങിയെങ്കിലും തുക പത്തുകോടിയിലേക്ക് എത്തിയപ്പോള്‍ അക്കൗണ്ടില്‍ ബാലന്‍സ് കുറവാണെന്നറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് പിന്മാറി. ഡല്‍ഹിയെ കടന്ന് റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സ് പതിനാലരക്കോടിയ്ക്ക് സ്റ്റോക്സിനെ സ്വന്തമാക്കി. അന്‍പതു ലക്ഷം അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് പേസര്‍ ടൈമല്‍ മില്‍സിനാണ് രണ്ടാമത്തെ ഉയര്‍ന്ന തുക ലഭിച്ചത്. പന്ത്രണ്ട് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍. മുംബൈ, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകള്‍ മില്‍സിനായി രംഗത്തുണ്ടായിരുന്നെങ്കിലും ലേലത്തുക ഉയര്‍ന്നതോടെ കളംവിട്ടു.
ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് അഞ്ചു കോടിയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി. ദക്ഷിണാഫ്രിക്കയുടെ കാഗിസോ രബാദയെ 5 കോടി രൂപയ്ക്കും ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്സ്ിനെ 4.5കോടി രൂപയ്ക്കും ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെ രണ്ടു കോടി രൂപയ്ക്കും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഓയിന്‍ മോര്‍ഗനെ രണ്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ഇലവനും മിച്ചല്‍ ജോണ്‍സണെ രണ്ടു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. മലയാളി താരം ബേസില്‍ തമ്പി 85 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സിലെത്തി.