ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്ന കാര്യത്തില്‍ കോച്ച് രവിശാസ്ത്രിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് ബിസിസിഐ. ശാസ്ത്രിയുടെ ആവശ്യപ്രകാരം ഭരത് അരുണിനെ ബോളിങ് പരിശീലകനായി നിയമിച്ചു. സഹപരിശീലകനായി സഞ്ജയ് ബംഗാറും ഫീല്‍ഡിങ് കോച്ചായി ആര്.ശ്രീധറും ലോകകപ്പ് വരെ ടീമിനൊപ്പം തുടരും. അതേസമയം രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും കണ്സല്ട്ടന്റുകളാക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡിന് വ്യക്തത വരുത്താനായില്ല.
ഇതൊരു സൂചനയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക തീരുമാനങ്ങള്‍ ആരുകൊക്കൊള്ളുമെന്നതിന്റെ സൂചന. സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഒന്നിക്കുന്ന ഉപദേശകസമിതിയുടെ ശുപാര്‍ശകള്‍ പോലും നടപ്പിലാവണമെങ്കില്‍ രവി ശാസ്ത്രി തന്നെ തീരുമാനിക്കണം. സഹീറും ദ്രാവിഡും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവുമോ എന്ന ചോദ്യം സമര്‍ത്ഥമായി നേരിട്ടു ശാസ്ത്രി.
രവി ശാസ്ത്രിയെ നിയന്ത്രിക്കാനുള്ള സൗരവ് ഗാംഗുലിയും ശ്രമം ഇപ്പോള്‍ പരാജയപ്പെട്ടെങ്കിലും ഒരു കാര്യം ഉറപ്പിക്കാം. അധികാരം ഉറപ്പാക്കാന്‍ ഗാംഗുലി സമ്മര്‍ദ്ദം തുടര്‍ന്നാല്‍ രണ്ട് ശക്തികേന്ദ്രങ്ങളായി നിന്നുള്ള വടംവലി ഇന്ത്യന്‍ ക്രിക്കറ്റില്‍ രൂക്ഷമാകും.