ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. ടീം സുസജ്ജമാണെന്ന് പറഞ്ഞ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടൂര്‍ണമെന്റ് കടുപ്പമേറിയതായിരിക്കുമെന്ന് വ്യക്തമാക്കി. ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. പാക്കിസ്ഥാനെതിരെയുള്ള ആദ്യമല്‍സരത്തിനായി കാത്തിരിക്കുകയാണെങ്കിലും പാക്കിസ്ഥാനെ വൈകാരികമായി നേരിടാനില്ലെന്നാണ് ക്യാപ്റ്റന്റെ പക്ഷം.
മികച്ച ടീമാണ് ഇന്ത്യയുടേത്. തികഞ്ഞ ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഏറ്റവും മികച്ച എട്ടു ടീമുകളാണ് കളിക്കുന്നത് എന്നതിനാല്‍ എല്ലാ മല്‍സരങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. സ്വന്തം നാട്ടിലെ മികച്ച പ്രകടനം വിദേശമണ്ണില്‍ കാഴ്ചവയ്ക്കാനാകുന്നില്ലെന്ന വിമര്‍ശനത്തെ ഗൗരവമായി കാണുന്നില്ലെന്നും കോഹ്ലി പറഞ്ഞു.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുളള ഇന്ത്യയ്ക്ക് അതേ മികവ് മറ്റ് ഫോര്‍മാറ്റുകളിലും കാഴ്ചവയ്ക്കാനാകാത്തത് നിരാശയാണ്. സീനിയര്‍ താരങ്ങളായ ധോണിയ്ക്കും യുവരാജിനും ടീമിന്റെ പ്രകടനത്തില്‍ നിര്ണായകറോളുണ്ടാകുമെന്നും ചാംപ്യന്‍സ് ട്രോഫിയ്ക്കായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും മുന്‍പ്
വിരാട് കോഹ്ലി മുംബൈയില്‍ പറഞ്ഞു. പാക്കിസ്ഥാന് പുറമെ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.