ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ സെമിഫൈനലില്‍. നിര്‍ണായകമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തോല്പിച്ചു. 192 റണ്‍സ് വിജയലക്ഷ്യം 12 ഓവര്‍ ബാക്കിയാക്കി ഇന്ത്യ മറികടന്നു. സെമിയില്‍ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതാണ് ചാംപ്യന്മാരുടെ പ്രകടനം. ലങ്കയ്ക്കെതിരായ തോല്‍വിയിലെ പിഴവുകള്‍ പാഠമാക്കി കരുത്തരായ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചു ടീം ഇന്ത്യ. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം പാളിയോ എന്ന് സംശയമുയര്‍ന്ന തുടക്കമായിരുന്നു
ദക്ഷിണാഫ്രിക്കയുടേത്. അംലയും ഡികോക്കും ആദ്യ വിക്കറ്റില്‍ 76 റണ്‍സെടുത്തു. രണ്ടിന് 140 എന്ന സുരക്ഷിത സ്കോറില്‍ നിന്ന് 44.3 ഓവറില്‍ 191 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ബോളര്‍മാര്‍ ലങ്കയ്ക്കെതിരായ തോല്‍വിയുടെ ക്ഷീണം മുഴുവന്‍ തീര്‍ത്തു. ഡിവില്ലിയേഴ്സിന്റേയും ഡേവിഡ് മില്ലറുടേയും റണ്ണൗട്ടുകളാണ് ബ്രേക്ക് ത്രൂവായത്. റണ്ണൊഴുക്ക് തടഞ്ഞ് രണ്ടു വിക്കറ്റുവീതമെടുത്ത ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും അവസരത്തിനൊത്തുയര്‍ന്നു. 53 റണ്‍സെടുത്ത ഡി കോക്കാണ് അവരുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ അനാവശ്യ തിടുക്കം കാട്ടി വിക്കറ്റുകളഞ്ഞ രോഹിത് ശര്‍മയുടേത് ഒഴിച്ചാല്‍ ധവാനും കോഹ്ലിയും യുവരാജും പക്വത കാട്ടി.
രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും 128 റണ്‍സ് അടിച്ചെടുത്തു. ധവാന് 78ഉം കോഹ്ലി 76ഉം യുവരാജ് 23ഉം റണ്‍സ് നേടി. ഡുമിനി എറിഞ്ഞ 38ാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി യുവരാജ് ഇന്ത്യയ്ക്ക് സെമിഫൈനലിലേക്ക് ടിക്കറ്റെടുത്തു.