സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ഗോവയെ ഒന്‍പത് വിക്കറ്റിന് തോല്പിച്ചു. ഗോവയെ 86 റണ്‍സില്‍ പുറത്താക്കിയ കേരളം 7.5 ഓവറില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗോവയ്ക്ക് അച്ചടക്കമുള്ള കേരളത്തിന്റെ ബോളിങ്ങിന് മുന്നില്‍ അടിതെറ്റി. 23 റണ്‍സെടുത്ത സ്വപ്നില്‍ അസ്നോദ്ക്കറിനും 22 റണ്‍സെടുത്ത കീനനിനുമൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ബേസില്‍ തമ്പി മൂന്നു വിക്കറ്റും ജലജ് സക്സേനയും റൈഫി വിന്‍സന്റ് ഗോമസും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി
18.4 ഓവറില്‍ ഗോവ 86 റണ്‍സിന് ഓള്‍ഔട്ടായി. ചെറിയ വിജയലക്ഷ്യത്തിലേക്കാണിറങ്ങിയതെങ്കിലും കേരളം ആക്രമിച്ചുതന്നെ കളിച്ചു. ഓപ്പണര്‍ വിഷ്ണു വിനോദ് രണ്ടാം ഓവറില്‍ ഷേര്‍ ബഹാദുര്‍ യാദവിനെ തുടര്‍ച്ചയായി നാലു സിക്സര്‍ പറത്തി
13 പന്തില്‍ 35 റണ്‍സെടുത്ത് വിഷ്ണു വിനോദ് പുറത്തായെങ്കിലും അതേ ഒഴുക്കില്‍ സ്കോറിങ് തുടര്‍ന്ന രോഹന് പ്രേമും മുഹമ്മദ് അസ്ഹറുദ്ദീനും 12 ഓവര്‍ ബാക്കിയാക്കി കേരളത്തിന് 9 വിക്കറ്റ് ജയം സമ്മാനിച്ചു. നേരത്തെ ആന്ധ്രപ്രദേശിെന തോല്പിക്കുകയും കര്‍ണാടകയോടും ഹൈദരാബാദിനോടും തോല്‍ക്കുകയും ചെയ്ത കേരളത്തിന് ദക്ഷിണമേഖലാ ഗ്രൂപ്പില്‍ ഇനി തമിഴ്നാടിനോടാണ് മല്‍സരം ശേഷിക്കുന്നത്.