അര്‍ജന്റീന ഇല്ലാത്ത ഒരു ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിനെപ്പറ്റി ആലോചിക്കാനാകുമോ? ബ്രസീല്‍ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിച്ചു നില്ക്കുമ്പോള് അര്‍ജന്റീന കയ്യാലപ്പുറത്താണ്. യോഗ്യതാ മല്‍സരത്തില്‍ പെറുവിനോട് സമനില വഴങ്ങി അര്‍ജന്റീന ഫുട്ബോള്‍ ആരാധകരെ നിരാശയിലാക്കി. അതും ഗോള്‍ രഹിത സമനില നേടി. ഇതോടെ ഫൈനല്‍ റൗണ്ടിലെത്താനുള്ള അര്‍ജന്റീനയുടെ സാധ്യതക്ക് മങ്ങലേറ്റു.
2014ല്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലിനുശേഷം ലയണല്‍ മെസി കണ്ണീരോടെ വിടവാങ്ങിയത് ഫുട്ബോള്‍ ആരാധകര്‍ മറന്നിട്ടില്ല. അന്ന് ആരാധകര്‍ ഒന്നുറപ്പിച്ചിരുന്നു മെസിയും അര്‍ജന്റീനയും തിരിച്ചുവരും അവര്‍ ലോക കിരീടം ഉയര്‍ത്തുമെന്നും. ആരാധകര്‍ മാത്രമല്ല, മെസിയും അര്‍ജന്റീനയും ഉറപ്പിച്ചു. പക്ഷെ ടീം നിരാശപ്പെടുത്തി. ഗോള്‍ വീഴേണ്ട മല്‍സരത്തില്‍ മെസിക്കുപോലും ഗോളില്ല. മെസിയെ എതിരാളികള്‍ പൂട്ടിയപ്പോള്‍ കോച്ച് ചിലരെ കരക്കിരുത്തിയും ചിലരെ തിരിച്ചുവിളിച്ചും തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ എല്ലാം തിരിച്ചടിച്ചു.
ദക്ഷിണ അമേരിക്കന്‍ ഗ്രൂപ്പില്‍ 38 പോയിന്റോടെ ബ്രസീല്‍ ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു. 25 പോയിന്റോടെ അര്‍ജന്റീന ആറാംസ്ഥാനത്താണ്. 28 പോയിന്റോടെ അമേരിക്ക, 26 പോയിന്റോടെ ചിലെയും കൊളംബിയയും പിന്നാലെയുണ്ട്. അര്‍ജന്റീനയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ച പെറുവിനും ഉണ്ട് 25 പോയിന്റെ്. ഗോള്‍ ശരാശരിയില്‍ മുന്നിലായ പെറു പട്ടികയില്‍ അര്‍ജന്റീനയ്ക്ക് മുന്നിലാണ്. 17 മല്‍സരങ്ങള്‍ കളിച്ച അര്‍ജന്റീന ഏഴുമല്സരങ്ങളാണ് ജയിച്ചത്. നാലെണ്ണത്തില്‍ സമനിലയും നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു.
ദക്ഷിണ അമേരിക്കന്‍ യോഗ്യതറൗണ്ടില്‍ നിന്ന് നാലു ടീമുകളാണ് ഫൈനല്‍ റൗണ്ടിലെത്തുക. യോഗ്യതാറൗണ്ടില്‍ അഞ്ചാംസ്ഥാനത്താണെങ്കില് പ്ലേ ഓഫ് കളിച്ച് അര്‍ജന്റീനക്ക് ഫൈനല്‍ റൗണ്ടിലെത്താം. എന്നാലിപ്പോള്‍ യോഗ്യതാറൗണ്ടില്‍ ഒരു മല്‍സരം മാത്രം ശേഷിക്കെ അര്‍ജന്റീനയുടെ നില തീര്‍ത്തും പരുങ്ങലിലാണ്. അവസാന മല്‍സരത്തില്‍ ഇക്വഡോറിനെ തോല്പിച്ചാല് മാത്രം പോരാ. ഗോളടിച്ചുകൂട്ടി ജയിക്കണം. എന്നാലെ ഗോള്‍ശരാശരി ഉയര്‍ത്തി പ്ലേ ഓഫ് കളിക്കാനുള്ള അവസരമെങ്കിലും അര്‍ജന്റീനയ്ക്ക് ലഭിക്കൂ. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ മെസിയും അര്‍ജന്റീനയും ഇല്ലെങ്കില്‍, എന്ത് ഫുട്ബോള്‍ ആഘോഷം.