മുന്‍ ചാംപ്യന്‍ സ്റ്റാന്‍ വാവ്റിങ്കയെ തോല്പിച്ച് റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. ഫെഡററുടെ 28ാം ഗ്രാന്സ്ലാം ഫൈനലാണിത്. വനിതാ സിംഗിള്‍സില്‍ സഹോദരിമാരായ വീനസ് വില്യംസും സെറീന വില്യംസും ഫൈനലില്‍ ഏറ്റുമുട്ടും.
ടോപ് സീഡ് താരങ്ങള്‍ ഒന്നൊന്നായി വീണ വേദിയില്‍ ഫെഡ് എക്സ്പ്രസിന്റെ കുതിപ്പ്. 18ാം ഗ്ലാന്‍സ്ലാം കിരീടത്തിലേക്ക് ഒരു ജയത്തിന്റെ അകലം മാത്രം. സ്വിസ് താരങ്ങള്‍ തമ്മിലെ പോരാട്ടം മൂന്നു മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ടു.
7-5, 6-3 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റും സ്വന്തമാക്കിയ ഫെഡറര്‍ , 1-6, 4-6 എന്ന സ്കോറിന് വാവ്റിങ്കയ്ക്ക് അടിയറവച്ചു. പതിവുപോലെ അവസാന സെറ്റില്‍ വിസ്മയിപ്പിക്കുന്ന എയ്സുകളുമായി എതിരാളിയെ നിക്ഷ്പ്രഭനാക്കിയ റോജര്‍ ഫെഡറര്‍ 6-3 എന്ന സ്കോറിന് മല്‍സരവും 28ാം ഗ്ലാന്‍സ്ലാം ഫൈനലും സ്വന്തമാക്കി.
2003ലെ ഫൈനലിനു ശേഷം വില്യംസ് സഹോദരിമാര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീണ്ടും നേര്‍ക്കുനേര്‍. അട്ടിമറി വിജയങ്ങളോടെ സെമിയിലെത്തിയ അമേരിക്കയുടെ തന്നെ കോകോ വാന്‍ഡേ വേഗയെ തോല്പിച്ചാണ് വീനസിന്റെ ഫൈനല്‍ പ്രവേശം. ക്രോയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ചിനെ തോല്പിച്ചാണ് സെറീന.
വീനസും സെറീനയും നേര്‍ക്കു നേര് വരുന്ന ഒന്‍പതാം ഗ്രാന്സ്ലാം ഫൈനലാണിത്. 2009ല്‍ വിംബിള്‍ഡണ്‍ ഫൈനലിലാണ് ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയത്.