യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ മാഡിസണ്‍ കീസ്, അമേരിക്കയുടെ തന്നെ സ്ലോവാന്‍ സ്റ്റീഫന്‍സിനെ നേരിടും. വീനസ് വില്യംസിനെ ഒന്നിനെതിരെ രണ്ടുസെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്ലോവാന്‍ സ്റ്റീഫന്‍സ് ഫൈനലിലെത്തിയത്. 2002ന് ശേഷം ആദ്യമായാണ് അമേരിക്കയുടെ തന്നെ രണ്ട് താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്
സീഡില്ലാതാരമായി ടൂര്‍ണമെന്റ് ആരംഭിച്ച സ്ലോവാന്‍ സ്റ്റീഫന്‍സ് ഒരു സ്വപ്നയാത്രയിലാണ്. 83ാം റാങ്കുകാരിക്ക് സ്വപ്നം മാത്രം കാണാനാവുന്ന ഗ്രാന്റ്സ്ലാം ഫൈനലില്‍. അതും കരുത്തിന്റെ പര്യായമായ വീനസ് വില്യംസിനെ തറപറ്റിച്ച്. ആദ്യസെറ്റ് 6-1ന് നടിയ സ്ലൊവാന്സിനെ 6-0ന് രണ്ടാം സെറ്റില്‍ പിന്തള്ളി വീനസ് തിരിച്ചെത്തിയതാണ്. എന്നാല്‍ സ്വന്തം മണ്ണിലെ സെമിയുടെ സമ്മര്‍ദം വീനസിന്റെ രക്തയോട്ടമേറ്റിയപ്പോള് 7-5ന് മൂന്നാം സെറ്റും ഒപ്പം ഫൈനല്ബര്ത്തും സ്ലോവാന്സിന് സ്വന്തമായി.
15ാം സീഡുകാരി മാഡിസണ്‍ കീസ് അനായാസമായാണ് 20ആം സീഡിലുള്ള കോകോ വാന്ഡ്വെയെ മറികടന്നത്. ആദ്യസെറ്റ് 6-1നും രണ്ടാം സെറ്റ് 6-2നും കീസ് പോക്കറ്റിലാക്കി. 2002ല്‍ സെറീനയും വീനസും ഏറ്റുമുട്ടിയ ഫൈനലിന് ശേഷം ആദ്യമായാണ് മറ്റൊരു അമേരിക്കന്‍ കലാശപ്പോരിന് കോര്ട്ടൊരുങ്ങുന്നത്.