22-ാമത് ഏഷ്യന്‍ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന് ഒഡിഷയിലെ ഭുവനേശ്വറില്‍ വര്‍ണാഭമായ തുടക്കം. മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്ത മേളയില്‍, മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയ്ക്കായി ടിന്റു ലൂക്ക പതാകയേന്തി. ഒഡീഷയുടെ ചരിത്രവും സംസ്കാരവും വിളിച്ചോതിയ കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി. 45 രാജ്യങ്ങളും അണിനിരന്ന മാര്‍ച്ച്പാസ്റ്റോടെ തുടക്കം. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് മാറി സര്ബാനിനന്ദയ്ക്ക് പകരം ടിന്റു ലൂക്ക ഇന്ത്യയുടെ പതാകയേന്തി.
രാജ്യാന്തര ഉപരോധങ്ങള്‍ മറികടന്ന് ഖത്തറും കായികാവേശത്തിന് അതിര്വരമ്പുകളില്ലെന്നറിയിച്ച് പാക്കിസ്ഥാനും മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. ലോക കായികഭൂപടത്തില്‍ ഒഡീഷയും സ്ഥാനമുറപ്പിക്കുന്ന നിമിഷമാണിതെന്നായിരുന്നു ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രതീക്ഷകള്‍
കലിംഗ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് വിരുന്നായി ശങ്കര്‍ മഹാദേവന്റെയും സംഘത്തിന്റേയും സംഗീത പരിപാടി. ഒഡീഷയുടെ സംസ്കാരം വിളിച്ചോതിയ കലാരൂപങ്ങളും മാനത്ത് വിസ്മയം തീര്‍ത്ത വെടിക്കെട്ടും ഉദ്ഘാടനവേദിക്ക് ഉല്‍സവഛായ പകര്‍ന്നു.