ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ നേടിയ ഏറ്റവും തിളക്കമാർന്ന വിജയങ്ങളിലൊന്നാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ വിജയം. അപ്രാപ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്കു ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ബാറ്റ് വീശി. മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പുനെയിൽ ടീം ഇന്ത്യ ആഘോഷം നടത്തുമ്പോൾ ക്രിക്കറ്റിന്റെ ചരിത്രത്തിലെ സുവർണ നിമിഷങ്ങളിലേക്ക് എഴുതിച്ചേർക്കാൻ ഒട്ടേറെ കാര്യങ്ങൾ മൈതാനത്തു പിറന്നിരുന്നു.
122 റൺസ് നേടി കളിയുടെ ഗതി നിയന്ത്രിച്ച കോഹ്ലിയുടെ ബാറ്റിൽനിന്നു പറന്ന ഒരു സിക്സ് ക്രിക്കറ്റ് ചരിത്രത്തിലെ മനോഹര ഷോട്ടുകളുടെ ശ്രേണിയിലേക്കു ചേക്കേറി. 34ാം ഓവറിൽ ക്രിസ് വോകെസിന്റെ പന്ത് നിലംതൊടാതെ വിരാട് അതിർത്തിവര കടത്തിയതുകണ്ടു സ്റ്റേഡിയത്തിലും ടിവിക്കു മുന്നിലുമിരുന്നവർ അത്ഭുതംകൂറി. അതി മനോഹരമായിരുന്നു ഷോട്ട്. അവിശ്വസനീയമെന്നാണു കമന്ററി ബോക്സിലിരുന്ന നാസർ ഹുസൈൻ ഈ ഷോട്ടിനെ വിശേഷിപ്പിച്ചത്. ഇത്തരത്തിലൊന്ന് ഇതിനു മുൻപു കണ്ടിട്ടില്ലെന്നു കമന്റേറ്റർ സഞ്ജയ് മഞ്ജിരേക്കറും പറയുന്നു.
ക്രിക്കറ്റ് ലോകത്തിന്റെ മനംകവർന്ന ആ മനോഹര ഷോട്ട് കാണാം..