ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ആഴ്സണലിനെക്കുറിച്ച് സംഗീത വിഡിയോ ഒരുക്കി മലയാളി ആരാധകന്. ഇന്ത്യന്‍ ഗണ്ണര്‍ എന്ന വിഡിയോ ഔദ്യോഗിക പേജിലൂടെ ഷെയര്‍ ചെയ്ത് ആഴ്സണലും ആരാധകരെ ഞെട്ടിച്ചു. ഡെന്നിസ് ബെര്ക്ക്യമ്പും തിയറി ഒന്റിയും പന്തുതട്ടുന്നത് നെഞ്ചിടിപ്പോടെ കണ്ട് ആഴ്സണല്‍ ആരാധകനായി മാറിയ കുട്ടിക്കാലമാണ് ഇത്തരമൊരു വിഡിയോ ഒരുക്കാൻ പ്രേരണ. ഇന്ന് സാഞ്ചസിനെയും ഒാസിലിനെയും മനസില്‍ കൊണ്ടുനടക്കുന്ന മലയാളി ഗൂണേഴ്സ്,വെങ്ങര്‍ ആശാനും കുട്ടികള്‍ക്കും ഒരുക്കിയ സമ്മാനമാണ് ഇന്ത്യന്‍ ഗൂണര്‍ എന്ന വിഡിയോ.
ആഴ്സണലിനെ ഞെട്ടിക്കാന്‍ ഒരുക്കിയ വിഡിയോ ഔദ്യോഗിക പേജിലൂടെ ഷെയര്‍ ചെയ്തത് കണ്ട് അണിയറപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് മഠത്തില്ക്കാട്ടും സംഘവും ഞെട്ടി. ആദ്യ സംഗീതവിഡിയോ തന്നെ ഫുട്ബോള്‍ ലോകം ഏറ്റെടുത്തതിന്റെ ത്രില്ലിലാണ് റാപ്പ് മുസീഷ്യനായ സിദ്ധാര്‍ഥ്. ആദ്യമായാണ് ആരാധകരൊരുക്കിയ ഒരു വിഡിയോ ഒൗദ്യോഗിക പേജില്‍ ആര്‍സണല്‍ ഷെയര്‍ ചെയ്യുന്നത്.വിഡിയോ കണ്ടവരുടെ എണ്ണം ഇതിനോടകം രണ്ടരലക്ഷം കവിഞ്ഞു.