മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഉജ്വല വിജയത്തോടെ മലയാളി താരങ്ങള്‍ സെമിയില്‍. ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ രൂപേഷ് കുമാര്‍ -സനേവ് തോമസ് സഖ്യവും വി.ദിജു- വിദ്യാധര്‍ സഖ്യവും സെമിയില്‍ കടന്നു. 40ന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ സിംഗിള്‍സില്‍ മലയാളി താരങ്ങളായ ജോയ് ആന്റണിയും കെ.എ. അനീഷും വൈകിട്ട് മല്‍സരിക്കാനിറങ്ങും.
മുപ്പത്തിയഞ്ചിനുമേല് പ്രായമുള്ള പുരുഷന്മാരുടെ ഡബിള്‍സിലെ ഒന്നാം സീഡെന്ന പെരുമയുമായി കളത്തിലിറങ്ങിയ രൂപേഷ് കുമാര്‍ സനേവ് തോമസ് സഖ്യം കാണികളെ നിരാശപ്പെടുത്തിയില്ല. ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ ലാര്‍സ് ക്ലിന്റ്റപ്, മോര്‍ട്ടന്‍ എല്‍ബി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് രൂപേഷും സനേവയും മെഡലുറപ്പിച്ചത്.
മറ്റൊരു ആവേശകരമായ മല്‍സരത്തില്‍ ജപ്പാന്റെ മഷാറു ഒകാവാറ, ക്യോഹെ സാറ്റോ സഖ്യത്തെ തോല്പിച്ച് സെമിയില്‍ കടന്ന വി.ദിജു ജെ.ബി.എസ്. വിദ്യാധര്‍ സഖ്യവും മെഡലുറപ്പിച്ചു.
നാല്പതിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ ജസീല്‍ ഇസ്മായില്‍ ജെയ്സന് സേവ്യര്‍ സഖ്യവും സെമിയില്‍ കടന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടരുകയാണ്. നാളെയാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍. ഫൈനല്‍ പോരാട്ടങ്ങള്‍ ഞായറാഴ്ച നടക്കും.