ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണകാല താരങ്ങളിലൊരാളായ അഹമ്മദ് ഖാന് അന്തരിച്ചു. 1948ലെയും 1952ലെയും ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധികരിച്ച ഈസ്റ്റ് ബംഗാള്‍ ഗ്രേറ്റ് ടീമിലെ അംഗമായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അന്ത്യം. 50കളില്‍ ഇന്ത്യന്‍ ഫുട്ബോളിനെ ഹരം കൊള്ളിച്ച പഞ്ചപാണ്ടവരിലൊരാളായിരുന്നു അഹമ്മദ് ഖാന്. 1926 ഡിസംബര്‍ 24ന് ഫുട്ബോള്‍ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ അച്ഛന്റെ ടീം കൂടിയായ ബാംഗ്്ളൂര്‍ ക്രെസന്റില്‍ 1938ല്‍ അരങ്ങേറ്റം. പന്തിനെ വരുതിയിലാക്കുന്നതില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ച അഹമ്മദ് ഖാനെ പാമ്പാട്ടി എന്നായിരുന്നു ടീമംഗങ്ങള്‍ വിളിച്ചിരുന്നത്.
ബൂട്ട് ഇടാതെ കളിച്ചാലും കളിയുടെ ഗതി തന്നെ മാറ്റി മറിക്കുന്ന പ്രകടനമാണ് അദ്ദേഹം എന്നും കാഴ്ച്ചവച്ചത്. 1951ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ടീമിലെ അംഗമായിരുന്നു. ഈസ്റ്റ് ബംഗാള്‍ ടീമിന് വേണ്ടി 11 വര്‍ഷം കളിച്ച അദ്ദേഹം 35 ഗോളുകള്‍ നേടി. 1951ല്‍ ഡൂറന്റ് കപ്പ് നേടിയ ആദ്യ ഇന്ത്യന്‍ ടീമെന്ന പേരും ക്ളബിന് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1952ലെ ഹെല്‍സിങ്കി ഒളിംപിക്സില്‍ യുഗോസ്ളാവിയക്കെതിരായി അഹമ്മദ് ഖാന് നേടിയ ഒരു ഗോളാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.