വേഗരാജാവ് ഉസൈൻ ബോൾട്ട് ഒരു ഓട്ടപ്പന്തയം വയ്ക്കുന്നതിൽ കൗതുകമൊന്നുമില്ല. സ്വാഭാവികം മാത്രം. ഒക്ടോബർ ഫെസ്റ്റിന്റെ ഭാഗമായുള്ള ബീർ ഫെസ്റ്റിവലിൽ ഒരു ലിറ്റർ സ്റ്റൈൻ അകത്താക്കിയ ശേഷമായിരുന്നു ബോൾട്ട് പന്തയത്തിലോടിയത് എന്നറിഞ്ഞാലോ?
ജമൈക്കൻ സ്പ്രിന്റർ ഓടിത്തോൽപ്പിക്കാൻ വിളിച്ചതാകട്ടെ മ്യൂണിച്ചിലെ നൈറ്റ് ക്ലബിൽ അവിചാരിതമായി കണ്ട ഒരു യുവതിയെ. ഇരുവരും തകർത്തോടിയതാകട്ടെ ക്ലബിന്റെ കാർ പാർക്കിങ്ങിലും.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ എതിരാളിയെ മുന്പിൽ കയറുവാൻ അനുവദിച്ചെങ്കിലും അവസാന നിമിഷം കത്തിക്കയറി ബോൾട്ട് അവിടേയും വിജയക്കൊടി നാട്ടി. ഒന്നല്ല, എത്ര ലിറ്റർ അകത്തു ചെന്നാലും ഓട്ടമാണെങ്കിൽ ഫിനിഷിങ് ലൈൻ തൊടുന്ന വരെ ഫിറ്റാകില്ലെന്ന് ബോൾട്ട് തെളിയിച്ചു.
വിശ്രമ ജീവിതം ആഘോഷിക്കുകയാണ് സ്പ്രിന്റിലെ ഈ മിന്നൽപ്പിണർ. കാമുകി കാസി ബെനറ്റിനൊപ്പമാണ് ഒക്ടോബർഫെസ്റ്റിന് ബോൾട്ട് എത്തിയത്. ഓഗസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിനു ശേഷമാണ് ഈ 31 കാരൻ വിരമിച്ചത്.