E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

രണ്ടാം ഏകദിനം പറയുന്നു; 2019 ലോകകപ്പിലും ടീമിന് അനിവാര്യനാണ് ധോണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Bhuvneshwar-and-Dhoni
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അത്ഭുതവിജയത്തിനു ശേഷം ഇന്ത്യൻ ടീം ഏകദിന പരമ്പരയ്ക്കൊരുങ്ങുമ്പോൾ, കണ്ണുകളത്രയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയിലായിരുന്നു. ഒരു കാലത്ത് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരത്രയും ഏറ്റവും പ്രതീക്ഷയോടെയും ആരാധനയോടെയുമാണ് ഈ മുൻ ക്യാപ്റ്റനെ ഉറ്റുനോക്കിയിരുന്നതെങ്കിൽ, ഇത്തവണ ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. 2019 ലോകകപ്പിന് ടീമിനെ ഒരുക്കാനുള്ള നടപടികൾക്കു തുടക്കം കുറിക്കുന്നു എന്ന സെലക്ടർമാരുടെ തുറന്ന പ്രഖ്യാപനവും അതേ വഴിയിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി നൽകിയ വ്യക്തമായ ചില സൂചനകളും ചില ആരാധകർക്കെങ്കിലും അപായമണിമുഴക്കമായാണു തോന്നിയത്.

പരമ്പര തുടങ്ങുമ്പോൾ, പലവിധ വെല്ലുവിളികളാണ് ധോണിക്കു മുന്നിലുണ്ടായിരുന്നത്. ഒരു കാലത്ത് ധോണിക്കൊപ്പം ചേർന്നുനിന്ന് ടീമിന് അസാധ്യ വിജയങ്ങളൊരുക്കിയ യുവരാജ് സിങ് ടീമിൽനിന്നു പുറത്തായത് ധോണിക്കു കൂടിയുള്ള മുന്നറിയിപ്പായി വ്യാഖ്യാനിച്ചവർ ഏറെ. കീപ്പിങ് ഗ്ലൗസണിഞ്ഞാൽ വിക്കറ്റിനു പിന്നിലും ബാറ്റെടുത്താൽ വിക്കറ്റിനു മുന്നിലും തുള്ളിനിൽക്കുന്ന ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങളുടെ സാന്നിധ്യവും ഒരു ഘട്ടത്തിൽ ധോണിയുടെ സ്ഥാനത്തിനു ഭീഷണി തീർത്തിരുന്നു.

എന്നാൽ, ഇന്ത്യൻ ടീമിനു തണൽവിരിച്ചു നിന്ന മഹേന്ദ്രസിങ് ധോണി എന്ന വൻമരം കടപുഴകിയാൽ, ആ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ ഋഷഭ് പന്തിനെപ്പോലുള്ള യുവതാരങ്ങൾക്ക് എത്രത്തോളം സാധിക്കുമെന്ന ചോദ്യവും അന്തരീക്ഷത്തിലുണ്ട്. യുവരാജ് സിങ്ങിന് ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നാലെ ക്രിക്കറ്റ് ബോർ‍ഡിലെ ഒരു ഉന്നതൻ പറഞ്ഞതിനെയും ഇതിനോടു ചേർത്തു വായിക്കണം: ബാറ്റിങ്, ഫീൽഡിങ്, ബോളിങ് ഫോം നഷ്ടമായ യുവരാജിന് ഒട്ടേറെ പകരക്കാരുണ്ട്. എന്നാൽ ധോണിക്കു പറ്റിയ പകരക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലോകകപ്പിലേക്ക് ഇനിയും രണ്ടു വർഷത്തോളം ദൂരമിരിക്കെ, 36 കാരനായ ധോണിയെ എങ്ങനെയാകും സെലക്ടർമാർ ടീമിന്റെ ഭാഗമാക്കുക എന്നതായിരുന്നു മറ്റൊരു ചോദ്യം. വിക്കറ്റ് കീപ്പറെന്ന നിലയിൽ സമകാലീന ക്രിക്കറ്റിലെ എണ്ണപ്പെട്ട താരമാണ് ധോണിയെങ്കിലും, അസാമാന്യ മെയ്‌വഴക്കം ആവശ്യമായ വിക്കറ്റ് കീപ്പറുടെ റോളിൽ തുടരാൻ പ്രായം എത്രത്തോളം അദ്ദേഹത്തെ അനുവദിക്കും എന്നതായിരുന്നു ആശങ്കകൾക്ക് അടിസ്ഥാനം.

എന്നാൽ, പരമ്പരയിലെ രണ്ടു മൽസരങ്ങൾ പിന്നിടുമ്പോൾത്തന്നെ, എന്തുകൊണ്ട് ധോണി എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞു. പവർഹിറ്ററെന്ന നിലയിലുള്ള പഴയ ധോണിയുടെ താരമൂല്യത്തിൽ ചില ഇടിവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, മൽസരം ജയിക്കുക എന്ന ലളിതമായ, അതേസമയം സുപ്രധാനമായ ലക്ഷ്യം മാത്രം പരിഗണിച്ചാൽ, ടീം ഇന്ത്യയ്ക്ക് ഇപ്പോഴും അയാളെ ആവശ്യമുണ്ട് എന്നതാണ് സത്യം.

പ്രായം അനുകൂലമായിരുന്ന കാലത്ത് ഹെലികോപ്റ്റർ ഷോട്ട് എന്നൊക്കെ നാം ഓമനപ്പേരിട്ടു വിളിച്ച വൻ ഹിറ്റുകളിലൂടെ അയാൾ നമ്മെ രോമാഞ്ചം കൊള്ളിച്ചിട്ടുണ്ട്. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കൻ താരം നുവാൻ കുലശേഖരയുടെ പന്ത് ഗാലറിയിലെത്തിച്ച ആ ഷോട്ടിനെ ഒട്ടൊരു രോമാഞ്ചത്തോടെയല്ലാതെ ഓർക്കുന്ന എത്ര ക്രിക്കറ്റ് പ്രേമികളുണ്ട്? ആരാധകരെ കോൾമയിർ കൊള്ളിച്ചിരുന്ന ആ പഴയ ധോണി ഇപ്പോൾ അപ്രത്യക്ഷനായിരിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, പ്രായത്തിനു പ്രതിഭയെ മായ്ക്കാൻ കഴിയില്ലെന്നൊരു വിശേഷം കൂടിയുണ്ട്. യുവതാരനിരയുടെ കരുത്തിൽ വിജയങ്ങൾ വെട്ടിപ്പിടിച്ചു മുന്നേറുന്ന ഒരു ടീമിന് ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു സ്വാഭാവിക അപകടമാണ് ഇന്നലെ ശ്രീലങ്കയ്ക്കെതിരെ ടീം ഇന്ത്യ നേരിട്ടത്.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സെഞ്ചുറി കൂട്ടുകെട്ടുമായി രോഹിത്–ധവാൻ സഖ്യം വിജയത്തിന് അടിത്തറയിട്ടതാണ്. എന്നാൽ, വെറും 22 റൺസിനിടെ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ നേരിട്ടത് ഇപ്പോഴത്തെ ടീമിനെ സംബന്ധിച്ചിടത്തോളം സമാനതകളധികമില്ലാത്ത തകർച്ച. അഖില ധനഞ്ജയയെന്ന യുവതാരത്തിന്റെ വൈവിധ്യമാർന്ന പന്തുകൾക്കു മുന്നിൽ പതറിയവരിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുൾപ്പെടെയുള്ളവരുണ്ട്. ഈ സമയത്താണ് തന്റെ അനുഭവസമ്പത്തത്രയും കോർത്തിണക്കിയ ഒരു ഇന്നിങ്സിലൂടെ ആരാധകരുടെ മഹി ടീമിനെ മറ്റൊരു തകർപ്പൻ ജയത്തിലേക്കു നയിച്ചത്.

ഇനി, ഇന്ത്യ ഇത്തരമൊരു വെല്ലുവിളി നേരിട്ടിട്ടേയില്ല എന്നു സങ്കൽപ്പിക്കുക. യുവതാരങ്ങളുടെ മികവിൽ തുടർ വിജയങ്ങളുമായി കുതിക്കുന്ന ടീം ഇന്ത്യ ധോണി ഉൾപ്പെടെയുള്ള ‘വയസ്സൻ പട’യെ ഒഴിവാക്കി യുവാക്കളുമായി അടുത്ത ലോകകപ്പിന് ടീമിനെ ഒരുക്കുന്നു. ലോകകപ്പിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ടീം ഇന്ത്യ, നിർണായകമായൊരു നോക്കൗട്ട് മൽസരത്തിൽ സമാനമായ (ഇന്നലെ ശ്രീലങ്കയ്ക്കെതിരെ സംഭവിച്ചതുപോലെ) വെല്ലുവിളി നേരിടുന്നു. എന്താവും സംഭവിക്കുക? കൂട്ടത്തകർച്ചയോടെ ആരാധകരെ നിരാശയിലാഴ്ത്തി, ടീം തലയും താഴ്ത്തി മടങ്ങും.

ഇത്തരമൊരു അപകട സാധ്യത സെലക്ടർമാരെയും ആരാധകരെയും ഓർമപ്പെടുത്താൻ ഉപകരിച്ചു എന്നുള്ളതാണ് ഇന്നലത്തെ മൽസരത്തിന്റെ മഹത്വം. ചെറുപ്പത്തിന്റെ ചോരത്തിളപ്പിനപ്പുറം, മൽസരങ്ങൾ ജയിക്കണമെങ്കിൽ അനിവാര്യമായ മറ്റെന്തൊക്കെയോ കൂടി വേണമെന്നും നാമിപ്പോൾ തിരിച്ചറിയുന്നുണ്ട്. അടിസ്ഥാനപരമായി ഇതിനെ അനുഭവസമ്പത്ത് എന്നു വിളിക്കാം. മൂന്നൂറോളം മൽസരങ്ങളുടെ അനുഭവസമ്പത്തുള്ള ഇന്ത്യൻ ടീമിലെ ഏക താരമായ ധോണിക്കല്ലാതെ ഇത്തരമൊരു ആപൽഘട്ടത്തിൽ ടീമിനെ സഹായിക്കാൻ മറ്റാർക്കു കഴിയും?

രോഹിത് ശർമയ്ക്കു പുറമെ ഈ മൽസരത്തിൽ അർധസെഞ്ചുറി നേടിയത് ഭുവനേശ്വർ കുമാർ മാത്രമാണ്. ടീം കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുന്നതിനു മുൻപായിരുന്നു രോഹിതിന്റെ അർധസെഞ്ചുറി. ഭുവി അർധസെഞ്ചുറി തികച്ചതാകട്ടെ കനത്ത സമ്മർദ്ദത്തിനിടയിലും. ധോണിയുടെ റൺനേട്ടം അർധസെഞ്ചുറിക്ക് അഞ്ചു റൺസകലെ അവസാനിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭുവനേശ്വർ കുമാറാണ് ഈ മൽസരത്തിന്റെ വിജയശിൽപി എന്ന തരത്തിലും ചില വായനകൾ കണ്ടു. ശരിയാണ്. കരിയറിലെ ആദ്യ ഏകദിന അർധസെഞ്ചുറി കുറിച്ച ഭുവിയുടെ പ്രകടനത്തെ വിലകുറച്ചു കാണാനാവില്ല, കാണുന്നുമില്ല. എന്നിരിക്കിലും, ഇത്തരമൊരു ഇന്നിങ്സ് കളിക്കാനുള്ള മനഃസ്ഥൈര്യം അയാൾ ഒറ്റയ്ക്ക് ആർജിച്ചതല്ലെന്ന് ഉറപ്പ്. 

അവിടെയാണ് ധോണിയെപ്പോലെ പരിചയസമ്പന്നനായ ഒരു താരത്തിന്റെ സാന്നിധ്യം നിർണായകമാകുന്നത്. ടീമിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമായൊരു ഘട്ടത്തിൽ ഇത്തരമൊരു ഇന്നിങ്സ് കളിക്കാനുള്ള ആത്മവിശ്വാസം ഭുവനേശ്വറിനെപ്പോലൊരു താരത്തിനു പകർന്നു നൽകാൻ ധോണിക്കല്ലാതെ മറ്റാർക്കു കഴിയും. ഭുവനേശ്വർ ട്രാക്കിലാകുന്നതുവരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽനിന്ന് സംരക്ഷിച്ചും ട്രാക്കിലായി എന്നുറപ്പായ ഘട്ടത്തിൽ പിന്തുണക്കാരന്റെ റോളിലേക്കു മാറിയും കാൻഡിയിൽ ധോണി കാട്ടിയതല്ലേ യഥാർഥ ഹീറോയിസം?

ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കും ടീമിനെ ഒരുക്കുന്ന സെലക്ടർമാർക്കും ഈ മൽസരം ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. പരിചയസമ്പത്തിനെ തള്ളി ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽമാത്രം വിശ്വാസമർപ്പിക്കുന്നത് നല്ലതിനാവില്ലെന്ന ഗുണപരമായൊരു ഓർമപ്പെടുത്തൽ. തുഴച്ചിൽ എന്നു വിളിച്ചു പരിഹസിച്ചാലും, ഏകദിന മൽസരങ്ങളിലാണെങ്കിലും, ധോണിയുടെ ഈ മാറിയ ശൈലിക്കും പ്രാധാന്യമുണ്ടെന്ന ഓർമപ്പെടുത്തൽ. തകരുന്ന ടീമിനെ കരയ്ക്കടുപ്പിക്കാൻ ഇപ്പോഴും ഈ ‘ധോണി’ക്കാകുമെന്ന ഓർമപ്പെടുത്തൽ.

ഒരു കാര്യം ഉറപ്പ്. ഈ ധോണി ഇപ്പോഴും ബെസ്റ്റ് ‌ഫിനിഷർ തന്നെയാണ്. ഫിനിഷിങ്ങിന്റെ രീതിയും ശൈലിയും മാറിയിരിക്കാം. എന്നാലും, ബെസ്റ്റ് ഫിനിഷർ എന്ന ലേബൽ ഇയാളോളം ചേരുന്ന മറ്റൊരു താരം സമകാലീന ക്രിക്കറ്റിലില്ലതന്നെ.