അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ എന്നാണ് കുഞ്ഞിന്റെ പേര്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുഞ്ഞിന്റെ ചിത്രം വളരെ വേഗം വൈറലായി. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് കുട്ടിയെ തനിക്ക് ലഭിച്ചതെന്നും സെറീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുഞ്ഞിന്റെ പേരും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഈ മാസം ഒന്നിനാണ് സെറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി. പെൺകുട്ടികളുടെ പേരിനൊപ്പം സാധാരണയായി ജൂനിയർ എന്നതു ചേർക്കാറില്ല. ഈ പതിവാണ് സെറീന തെറ്റിച്ചതെന്നു പേരിടൽ വെബ്സൈറ്റുകൾ അഭിപ്രായപ്പെടുന്നു.
അലക്സിസ് എന്നാൽ രക്ഷകൻ. ഒളിംപിയ, ഒളിംപസ് പർവതത്തെയും ഒളിംപിക്സിനെയും ഓർമിപ്പിക്കുന്നു. ഒഹാനിയൻ പിതാവിന്റെ പേരുമാണ്. കുഞ്ഞിനു അമ്മ താരാട്ട് പാടുന്ന വീഡിയോയും പുറത്തുവന്നു.