അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഫുട്ബോളിലേക്ക് തിരിയുന്നു. പുതിയ ഫുട്ബോള്‍ ടീം രൂപീകരിച്ചാണ് മഹാരാജാസ് കോളജിലെ പെണ്‍കുട്ടികള്‍ ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുന്നത്.
ഫുട്ബോള്‍ ആണുങ്ങളുടെ കളിയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതിയെന്ന് മഹാരാജാസിലെ പെണ്‍കുട്ടികള്‍ പറയും. കേരളത്തില്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ അധികവും ആണ്‍കുട്ടികളാണെങ്കിലും ഫുട്ബോള്‍ അങ്ങനെ അവര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ തയാറല്ലെന്നാണ് ഈ പെണ്‍പുലികളുടെ നിലപാട്.
അണ്ടര്‍ 17 ലോകകപ്പും ഐ.എസ്.എല്ലും കൊച്ചിയെ ആവേശത്തിന്റെ നെറുകയിലെത്തിക്കുമ്പോള് ഗ്രൗണ്ടിലിറങ്ങി പന്തുതട്ടാതിരിക്കാന് ഫുട്ബോള്‍ പ്രേമികളായ ഇവര്‍ക്കു കഴിയില്ലായിരുന്നു. മഹാരാജാസ് കോളജ് മൈതാനം, ലോകകപ്പിനെത്തുന്ന വിദേശ ടീമുകളുടെ പരിശീലനത്തിനായി ഫിഫയ്ക്ക് കൈമാറിയതിനാല്‍ തല്ക്കാലം അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം സി.വി.സീനയാണ് വനിതാ ടീമിനെ പരിശീലിപ്പിക്കുന്നത്.