ലണ്ടൻ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ത്രില്ലിലാണ് ഇരു ടീമുകളുടെയും ആരാധകർ. സാധാരണയായി ഇരു ടീമുകളുടെയും പ്രതിനിധികൾ വാക്പോരുകൾ കൊണ്ട് രംഗം കൊഴുപ്പിക്കുന്ന സമയമാണിത്. എന്നാൽ, ഇത്തവണ ഇന്ത്യ–പാക്ക് പോരാട്ടത്തിനു മുന്നോടിയായുള്ള ദിവസങ്ങളിൽ ശ്രദ്ധ കവർന്നത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ഒരു കുഞ്ഞുമൊത്തുള്ള ചിത്രമാണ്.
ഈ കുഞ്ഞിനെ നമുക്കത്ര പരിയമില്ലെങ്കിലും നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പിതാവിനെ നാമറിയും. ഇന്ന് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികളായ പാക്കിസ്ഥാൻ ടീമിന്റെ അമരക്കാരൻ സർഫ്രാസ് ഖാന്റെ മകനാണിത്. പേര് അബ്ദുല്ല. ഇരു ടീമുകളും താമസിക്കുന്ന ഹോട്ടലിൽനിന്നും പകർത്തിയ ഈ ചിത്രം സർഫ്രാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുടീമുകളുടെയും ആരാധകർ ചിത്രം ഏറ്റെടുത്തതോടെ, സംഭവം വൈറലായിക്കഴിഞ്ഞു.