അടുത്തവര്‍ഷത്തെ റഷ്യന്‍ ലോകകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കി ബ്രസീലിന്റെ വിജയക്കുതിപ്പ്. പാരഗ്വായെ മൂന്നു ഗോളിന് തോല്പിച്ചു. അര്‍ജന്റീനയെ ബൊളീവിയ അട്ടിമറിച്ചപ്പോള്‍ യുറഗ്വായെ പെറു തോല്പിച്ചു.
പ്രതിരോധത്തിന് പേരുകേട്ട പാരഗ്വായ്ക്ക് മഞ്ഞപ്പടയുടെ കുതിപ്പ് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളു. 34ാം മിനിറ്റില്‍ കൂട്ടീഞ്ഞോയും രണ്ടാം പകുതിയില്‍ നെയ്മറും മാര്‍സെലോയും സ്കോര്‍ ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ നെയ്മര്‍ കളിച്ചും കളിപ്പിച്ചും കളംനിറഞ്ഞു. 14 കളികളില്‍ നിന്ന് പത്തു ജയത്തോടെ 33 പോയിന്റായ ബ്രസീല്‍ റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പാക്കി. എന്നാല്‍ അര്‍ജന്റീനയെ ബൊളീവിയ തറപറ്റിച്ചത് ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശയായി. രണ്ടുപകുതിയിലുമായി പിറന്ന ഓരോ ഗോളുകളില്‍ അര്‍ജന്റീന പരാജയം സമ്മതിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് 3600മീറ്റര്‍ ഉയരത്തിലുള്ള ബൊളീവിയന്‍ ഗ്രൗണ്ടില്‍ തിരിച്ചടിക്കാനുള്ള ശേഷി അര്‍ജന്റീനയ്ക്കുണ്ടായിരുന്നില്ല. റഫറിയോടുള്ള മോശം പെരുമാറ്റത്തിന് നാലു മല്‍സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട ലയണല്‍ മെസിയുടെ അഭാവവും തിരിച്ചടിയായി. അപ്പീലില്‍ അനുകൂലനടപടിയുണ്ടായില്ലെങ്കില് ഇനിയുള്ള മല്‍സരങ്ങള്‍ അര്‍ജന്റീനയ്ക്ക് വെല്ലുവിളിയാകും. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 22 പോയിന്റോടെ അഞ്ചാമതാണ് ഇപ്പോള്‍ അര്‍ജന്റീന. കോപ്പ ചാംപ്യന്മാരായ ചിലെ വെനസ്വേലയെ 3-1നും കൊളംബിയ ഇക്വഡോറിനെ 2-0നും തോല്പിച്ചു. ലൂയി സ്വാരസും എഡിസണ് കവാനിയും അണി നിരന്ന യുറഗ്വായെ പെറു ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി.