ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറി കുല്‍ദീപ് യാദവ്. ചേതന്‍ ശര്‍മയും കപില്‍ ദേവുമാണ് കുല്‍ദീപിന് മുമ്പ് ഏകദിന ഹാട്രിക് നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
മുപ്പത്തിമൂന്നാം ഓവറിന് മുമ്പ് കുല്‍ദീപ് എറിഞ്ഞത് 7 ഓവറുകള്‍. വഴങ്ങിയത് 39 റണ്‍സും. ഓസീസ് ഭയന്ന ചൈനമാന്‍ ബോളര്‍ ഇതുതന്നെയോ എന്ന് സംശയിച്ചു ആദ്യം. മാത്യു വെയ്ഡിന്റെ വിക്കറ്റാണ് വഴിത്തിരിവായത്. അടുത്ത പന്തില്‍ ആഷ്ടണ്‍ അഗര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി.
ഹാട്രിക്കിനായി ആര്ത്ത ഈഡനു വേണ്ടി ഗൂഗ്ലി കൊണ്ട് കമ്മിന്‍സിനെ വീഴ്ത്തി സ്വപ്നനേട്ടത്തിലേക്ക് ഓടിക്കയറി കുല്‍ദീപ്. കുല്‍ദീപിന്റ ബോളിങ് ആക്ഷന്‍ ഇനിയും മനസിലാക്കിയിട്ടില്ലാത്ത ഓസീസിനെ ആശങ്കയുടെ നടുക്കടലിലാഴ്ത്തുന്നതാണ് ഈ ഹാട്രിക് പ്രകടനം.